കർഷക ഉദ്ധാരണത്തിനായുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകണം : കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി


കർഷക ഉദ്ധാരണത്തിനായുള്ള പ്രവർത്തനങ്ങളിൽ കൂടുതൽ സജീവമാകണം : കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
കാക്കനാട് : ജീവിതപ്രതിസന്ധിയിലായ കർഷകരുടെ ന്യായമായ ആവശ്യങ്ങൾ പോലും പരിഗണിക്കപ്പെടുന്നില്ലാത്ത സാഹചര്യത്തതിൽ കത്തോലിക്ക കോൺഗ്രസ് കർഷകർക്കായി കൂടുതൽ സജീവമാകണമെന്ന് മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ചേർന്ന  കത്തോലിക്ക കോൺഗ്രസ് രൂപതാ ഡയറക്ടമാരുടെ യോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു കർദ്ദിനാൾ.
കാർഷിക ഉൽപ്പന്നങ്ങളുടെ തറവില പ്രഖ്യാപിച്ച്  സംഭരിക്കുവാൻ സർക്കാർ തയ്യാറാകാതെ  കാർഷിക മേഖലയ്ക്ക് ഇനി മുന്നോട്ട് പോകാൻ സാധിക്കില്ല. കർഷകർ രാജ്യത്തിന്റെ നട്ടെല്ല് ആണ് എന്ന വസ്തുത വിസ്മരിക്കരുത്. കർഷകർക്കും കർഷക തൊഴിലാളികൾക്കുമായി  സർക്കാർ കൂടുതൽ പാദ്ധതികൾ ആവിഷ്‌ക്കരിക്കണം. കർഷകരെ ഉദ്ധരിക്കുവാൻ  സമഗ്ര പദ്ധതികൾ  രൂപീകരിച്ച് മുന്നോട്ട് പോകുവാൻ കത്തോലിക്ക കോൺഗ്രസിനോട്  കർദ്ദിനാൾ ആഹ്വാനം ചെയ്തു.  
കത്തോലിക്ക കോൺഗ്രസ് ആരംഭിക്കുന്ന ഹെൽപ് ഡെസ്‌ക്കുകൾ ജാതിമതവ്യത്യാസമില്ലാതെ സഹായങ്ങൾ ജനങ്ങളിലേക്ക്  എത്തിക്കുവാൻ സാധിക്കുമെന്ന് സമ്മേളനത്തിൽ അദ്ധ്യക്ഷത  വഹിച്ച  കത്തോലിക്ക  കോൺഗ്രസ് ബിഷപ് ലെഗേറ്റ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു.  കത്തോലിക്ക കോൺഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം കാർഷിക മേഖലയിലെ പ്രതിസന്ധികളും പരിഹാരമാർഗ്ഗങ്ങളും  എന്ന വിഷയം അവതരിപ്പിച്ചു. ഗ്ലോബൽ സയറക്ടർ റവ. ഫാ ജിയോ കടവി മുഖ്യ പ്രഭാഷണം നടത്തി. മെയ് 7,8  തീയതികളിൽ ബാംഗ്ലൂരിൽ നടക്കുന്ന കത്തോലിക്ക കോൺഗ്രസ് ദേശീയ പ്രതിനിധി സമ്മേളനത്തിൽ  കാർഷിക പ്രശ്നങ്ങൾക്ക് മുൻ‌തൂക്കം നൽകുവാൻ തീരുമാനിച്ചു.
കാർഷിക ഉൽപ്പന്നങ്ങൾക്ക് തറവില പ്രഖ്യാപിച്ച് സംഭരിക്കുക, വന്യമ്യഗശല്യത്തിന് ശാശ്വത പരിഹാരം കാണുക, 80 :20  എന്ന ന്യൂന പക്ഷ ആനുകൂല്യ വിതരണ അനുപാതം  ഭേദഗതി ചെയ്യുക, സാമ്പത്തിക സംവരണം  കേരള സർക്കാർ  ഭേദഗതി ഇല്ലാതെ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കത്തോലിക്ക കോൺഗ്രസ് കർഷക ന്യൂനപക്ഷ അവകാശ സംരക്ഷണ ജാഥ നടത്തും. മെയ് 10  ന് കാസർകോഡ് നിന്ന് തുടങ്ങി മെയ് 23 ന് തിരുവനന്തപുരത്തു  ജാഥ സമാപിക്കും.
കോട്ടയം അതിരൂപതാ ഡയറക്ടർ  മോൺ. മൈക്കിൾ  വെട്ടിക്കാട്ട് , എറണാകുളം - അങ്കമാലി അതിരൂപതാ ഡയറക്ടർ ഫാ. സെബാസ്റ്റ്യൻ  ഊരക്കാടൻ, തലശ്ശേരി അതിരൂപതാ ഡയറക്ടർ ഫാ. മാത്യു  ആശാരിപ്പറമ്പിൽ, തൃശൂർ അതിരൂപതാ ഡയറക്ടർ ഫാ  വര്ഗീസ്  കുത്തൂർ, പാലാ രൂപതാ ഡയറക്ടർ ഫാ. ജോർജ്  വര്ഗീസ്   ഞാറക്കുന്നേൽ, കാഞ്ഞിരപ്പള്ളി  രൂപത ഡയറക്ടർ ഫാ. മാത്യു പാലക്കുടി, പാലക്കാട് രൂപത ഡയറക്ടർ ഫാ. ജോർജ്  തുരുത്തിപ്പിള്ളി, താമരശ്ശേരി രൂപത ഡയറക്ടർ ഫാ. സെബാസ്റ്യൻ ചെമ്പുകണ്ടം  തുടങ്ങിയവർ പ്രസംഗിച്ചു