ഓൺ ലൈൻ വിദ്യാഭ്യാസത്തിന് തുല്യ അവസരം സാധ്യമാക്കണം - മാർ ജോർജ് ആലഞ്ചേരി .


 
കോവിഡ് 19 ന്റെ പ്രത്യാഘാതം മൂലം വിദ്യാലയങ്ങളിലെത്തിയുള്ള വിദ്യാഭ്യാസം സാധ്യമാകാത്ത സാഹചര്യത്തിൽ ആവിഷ്കരിച്ചിരിക്കുന്ന ഓൺലൈൻ വിദ്യാഭ്യാസത്തിൽ എല്ലാ വിദ്യാർത്ഥികൾക്കും തുല്യ അവസരം ലഭിക്കുന്ന രീതിയിലുള്ള സാഹചര്യം ഒരുക്കാൻ സർക്കാരും മറ്റ് സംവിധാനങ്ങളും ശ്രമിക്കണമെന്ന് മാർ ജോർജ് ആലഞ്ചേരി . പാർശ്വവൽക്കരിക്കപ്പെട്ട വിദ്യാർത്ഥികളെ വിദ്യാഭ്യാസത്തിന്റെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിനും , പാവപ്പെട്ട വിദ്യാർത്ഥികൾക്ക് ഓൺലൈൻ വിദ്യാഭ്യാസ സാഹചര്യം ലഭ്യമാക്കുന്നതിനുമായി  കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ഓൺലൈൻ വിദ്യാഭ്യാസത്തിനുള്ള പഠനോപകരണങ്ങൾ നൽകുന്ന പദ്ദതി കാക്കനാട് മൗണ്ട് സെന്റ് തോമസിൽ  ഉദ്ഘാടനം ചെയത് പ്രസംഗിക്കുകയായിരുന്നു കർദിനാൾ . കത്തോലിക്ക കോൺഗ്രസിന്റെ എല്ലാ ഘടകങ്ങളും വിദ്യാർത്ഥികളുടെ പഠന സംബന്ധമായ സഹായങ്ങൾ നൽകുന്നതിൽ മുന്നിട്ട് നിൽക്കണമെന്നും, മറ്റുള്ളവർക്ക് പ്രചോദനമാകണമെന്നും  കർദിനാൾ ആഹ്വാനം ചെയ്തു . വിദ്യാഭ്യസത്തിലൂടെ മാത്രമേ പരിമിതമായ സൗകര്യമുള്ള കുട്ടികൾക്ക് ജീവിതത്തിന്റെ ഉന്നതതലങ്ങളിൽ എത്തിച്ചേരുവാൻ സാധിക്കുകയുള്ളൂ എന്നും അതിനാൽ ഏതൊരു പ്രതികൂല സാഹചര്യത്തിലും വിദ്യാഭ്യാസത്തിന് വലിയ പ്രാധാന്യം നൽകണമെന്നും കർദ്ദിനാൾ പറഞ്ഞു . കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയനിലം അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ കൊച്ചി പ്രിസം ടെക്നോളജി മാനേജിംഗ് ഡയറക്ടർ മോഹൻ ബേബി കുര്യൻ സ്പോൺസർ ചെയ്ത ടീ.വികൾ കർദിനാൾ മാർ ആലഞ്ചേരി  ഏറ്റുവാങ്ങി.  ഗ്ലോബൽ ഡയറക്ടർ  ഫാ. ജിയോ കടവി ,   കാത്തലിക് കോൺഗ്രസ് ഭാരവാഹികളായ പി.ജെ. പാപ്പച്ചൻ , ഡേവീസ് എടക്കളത്തൂർ ,ഡോ. ജോസ് കുട്ടി ഒഴുകയിൽ , ബെന്നി ആന്റണി , തോമസ് പീടികയിൽ , ആന്റണി എൽ തൊമ്മാന എന്നിവർ പ്രസംഗിച്ചു.