ഹാർട്ട്ലിങ്ക്സ് പുതിയ മുഖം : കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി
കൊച്ചി: കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ 34 രാജ്യങ്ങളിലെ പ്രതിനിധികളെ ഉൾപ്പെടുത്തിക്കൊണ്ട് ആരംഭിച്ചിട്ടുള്ള ഹാർട്ട്ലിംങ്ക്സ് , സംഘടനാ പ്രവർത്തനത്തിന്റെ പുതിയ മുഖമാണെന്ന് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ്ജ് ആലഞ്ചേരി . കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ പാവപ്പെട്ടവർക്കും , പാർശ്വവത്കരിക്കപ്പെട്ടവർക്കും, വിഷമിക്കുന്നവർക്കും ആശ്രയമാകുവാൻ കത്തോലിക്ക കോൺഗ്രസ് രൂപം നൽകിയ ഹാർട്ട്ലിംങ്ക്സിന്റെ ആദ്യ ചുവട് വയ്പായ ഭവന നിർമ്മാണ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അഭിവന്ദ്യ കർദിനാൾ. സമുദായ നേതാക്കൾ പാവപ്പെട്ടവരുടെ പക്ഷം നിൽക്കുന്ന വ്യവസ്ഥാപിതമായ ഒരു സംരംഭം
ഹാർട്ട്ലിംങ്ക്സിലൂടെ തുടക്കം കുറിച്ചതിൽ സീറോ മലബാർ സഭാ സിനഡിന്റെ സന്തോഷം അഭിവന്ദ്യ കർദ്ദിനാൾ യോഗത്തിൽ അറിയിച്ചു.
മറ്റുള്ളവരുടെ വേദനയിൽ സ്വയം പങ്കാളികളാകുവാൻ , സ്വയം പ്രേരിതരായി ഹാർട്ട്ലിംങ്ക്സിലൂടെ എല്ലാ രാജ്യത്തുനിന്നും സമുദായ അംഗങ്ങൾ പങ്കുചേരുന്നത് മാതൃകാപരമാണെന്നും, ഈ മുന്നേറ്റം ധാരാളം പേരുടെ കണ്ണീരുകൾ ഒപ്പുവാൻ ഇടയാക്കുമെന്നും അഭിവന്ദ്യ കർദ്ദിനാൾ പ്രത്യാശ പ്രകടിപ്പിച്ചു .
ലോകം മുഴുവനുമുള്ള സമുദായ സ്നേഹികളുടെ കൂട്ടായ്മയിലൂടെ, നമ്മുടെ സഹോദരങ്ങളുടെ വേദനകൾക്കും , വിഷമങ്ങൾക്കും ആശ്വാസവും അത്താണിയുമാകുന്ന ഒരു നൂതന സ്നേഹ സംസ്കാരം രൂപപ്പെടുത്തുകയാണ് ഹാർട്ടിലിംങ്ക്സിലൂടെ കത്തോലിക്ക കോൺഗ്രസ് ലക്ഷ്യമിടുന്നതെന്ന് സമ്മേളനത്തിൽ അധ്യക്ഷത വഹിച്ച ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അറിയിച്ചു .
കോവിഡും, പ്രകൃതിക്ഷോഭവും, കാർഷിക മേഖലയുടെ തകർച്ചയും ഇന്നത്തെ സമൂഹത്തിൽ ഒരു വലിയ ദുഃഖമായി നില നിൽക്കുന്ന ഈ സാഹചര്യത്തിൽ, സമുദായ അംഗങ്ങൾ തികഞ്ഞ സാമൂഹ്യ പ്രതിബദ്ധതയോടെ, സമുദായത്തിന്റെ വലിയ ഒരു മുന്നേറ്റമായ ഹാർട്ട് ലിംങ്ക്സിൽ അണിചേരണമെന്നും കത്തോലിക്ക കോൺഗ്രസ് ബിഷപ്പ് ലഗേറ്റ് അഭിവന്ദ്യ മാർ. റെമിജിയോസ് ഇഞ്ചനാനിയാൽ തന്റെ ആമുഖ പ്രഭാഷണത്തിൽ ആഹ്വാനം ചെയ്തു . നൂറ്റിരണ്ടു വർഷത്തെ മഹത്തായ പാരമ്പര്യമുള്ള കത്തോലിക്ക കോൺഗ്രസിന്റെ പ്രവർത്തനങ്ങളിൽ ഏറ്റവും ശ്രേഷ്ഠമായ, തങ്കലിപികളാൽ ആലേഖനം ചെയ്യപ്പെടാൻ പോകുന്ന സംരംഭമാണ്
ഹാർട്ട്ലിംങ്ക്സെന്ന് തന്റെ അനുഗ്രഹ പ്രഭാഷണത്തിൽ കോതമംഗലം രൂപത ബിഷപ്പ് അഭിവന്ദ്യ മാർ.ജോർജ് മഠത്തിക്കണ്ടത്തിൽ പറഞ്ഞു .
ചിട്ടയായ പ്രവർത്തനത്തിലൂടെയും , നന്മയും കാരുണ്യവും നിറഞ്ഞ ഹൃദയങ്ങളുടെ ''പങ്കു ചേരലിലൂടെയും - പങ്കെടുക്കലിലൂടെയും - പങ്കു വെക്കലിലൂടെയും " സമൂഹത്തിൽ യേശുവിന്റെ സാന്ത്വനം നൽകുവാൻ സാധിക്കുമെന്ന് ഹാർട്ട്ലിംങ്ക്സിന്റെ അഡ്വൈസറി ബോർഡ് അംഗവും മുൻ സുപ്രീംകോടതി ജഡ്ജിയുമായ ജസ്റ്റിസ് കുര്യൻ ജോസഫ് ആശംസിച്ചു. കത്തോലിക്ക കോൺഗ്രസ് രൂപം നൽകിയ ഹാർട്ട്ലിംങ്ക്സ് പദ്ദതിയുടെ അവതരണം ഹാർട്ട്ലിംഗ്സ് കമ്മിറ്റി ചെയർമാൻ ഷെവ.ഡോ. മോഹൻ തോമസ് യോഗത്തിൽ അവതരിപ്പിച്ചു. സമ്മേളനത്തിൽ ഭദ്രാവതി രൂപത ബിഷപ്പ് അഭിവന്ദ്യ മാർ.ജോസഫ് അരുമച്ചാടത്ത്, കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ റവ. ഫാ.ജിയോ കടവി, ജനറൽ സെക്രട്ടറി അഡ്വ. ടോണി പുഞ്ചക്കുന്നേൽ, ട്രഷറർ പി.ജെ പാപ്പച്ചൻ എന്നിവർ പ്രസംഗിച്ചു.