രാഷ്ട്രീയ പാർട്ടികളുടെ നിലപാടുകൾ അപലപനീയം: കത്തോലിക്ക കോൺഗ്രസ്‌


കൊച്ചി : നർകോട്ടിക്, ലവ് ജിഹാദുകളിൽ ജാഗ്രത വേണമെന്ന പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ടിന്റെ പ്രസംഗത്തിനെതിരെ  ഒളിഞ്ഞും തെളിഞ്ഞും സംസാരിക്കുന്ന  ചില രാഷ്ട്രീയ നേതാക്കന്മാരുടെയും പാർട്ടികളുടെയും നിലപാടുകൾ അപലപനീയമാണെന്നും ഇത് കുറ്റവാളികൾക്ക് പ്രോത്സാഹനം കൊടുക്കുന്നതാണെന്നും ഇരു മുന്നണി കളോടും നിലപാട് കടുപ്പിച്ച് കത്തോലിക്ക കോൺഗ്രസ്‌ പൊളിറ്റിക്കൽ അഫയേഴ്സ് കമ്മിറ്റി.

ഒരു നിശ്ചിത വിഭാഗം ചെയ്യുന്ന കുറ്റകൃത്യങ്ങളെ വെള്ള പൂശുന്നതും വോട്ട് ബാങ്ക് പ്രീണനം നടത്തുന്നതും ഒരു രാഷ്ട്രീയ പാർട്ടിക്കും ഭൂഷണമല്ല.മതേതരത്വത്തിന്റെ പേര് പറഞ്ഞ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തുടക്കം മുതലേ ഒരു പക്ഷം ചേർന്ന് പ്രകോപനപരമായ പ്രസ്താവനകൾ നടത്തുന്നതും ആക്ഷേപിക്കുന്നതും,കാലങ്ങളായി വലതു മുന്നണിയെ പിന്തുണച്ചിരുന്ന ജന വിഭാഗത്തെ ആഴത്തിൽ മുറിവ് ഏല്പിച്ചിരിക്കുന്നു. ഈ പ്രശ്നം സജീവമാക്കി നിർത്താനും അനാവശ്യ ഇടപെടലുകളിലൂടെ സംഘടനകളെക്കൊണ്ട് തീവ്രമായി പ്രതിഷേധിപ്പിക്കാനും പ്രേരിപ്പിച്ചത് വഴി അദ്ദേഹവും പാർട്ടിയും ലക്ഷ്യമിടുന്നത് എന്താണെന്ന് മനസ്സിലാകുന്നുണ്ട്. ഇത്തരം പ്രവർത്തനങ്ങളിലൂടെ അദ്ദേഹം സമുദായത്തിൽ നിന്ന് തിരസ്കരിക്കപ്പെടും എന്നതിൽ സംശയമില്ല.പെട്ടെന്ന് ഒരു സ്ഥാനം കിട്ടിയത് കൊണ്ട് എല്ലാമായി എന്ന് വിചാരിക്കുന്നത് മൗഢ്യമാണ്.സി പി എം പാർട്ടി സമ്മേളന രേഖയിൽ വരെ സൂചിപ്പിച്ചിട്ടും മുഖ്യമന്ത്രിയും ഇടതു നേതാക്കന്മാരും മോശമായ രീതിയിൽ പ്രതികരിച്ചതും അറിയില്ലായെന്നു നടിക്കുന്നതും അത്യന്തം ഖേദകരമാണ് .ചില രാഷ്ട്രീയ പാർട്ടികളുടെ എസ് ഡി പി ഐ ബന്ധം  ആശങ്കാജനകമായി ഈ നാളുകളിൽ പുറത്തു വരുന്നുണ്ട് .
രാഷ്ട്രീയ മുതലെടുപ്പിന് വേണ്ടി കത്തോലിക്ക സമുദായത്തെ അസ്ഥിരപ്പെടുത്താനുള്ള നീക്കം അനുവദിക്കുകയില്ല.
നിരവധി ഇരകളും തെളിവുകളും ഉണ്ടായിട്ടും നർകോട്ടിക്, ലവ് ജിഹാദുകൾ ഇല്ലായെന്നു സ്ഥാപിക്കാനുള്ള ചില പാർട്ടികളുടെയും മാധ്യമങ്ങളുടെയും അജണ്ടകൾ പൊതു സമൂഹം തിരിച്ചറിയുന്നു.യഥാർത്ഥ പ്രശ്നം പരിഹരിക്കപ്പെടണം.

കത്തോലിക്ക സമുദായത്തെ ഫിക്സഡ് വോട്ട് ബാങ്ക് ആയി കണ്ട്, എത്ര ഉപദ്രവിച്ചാലും കുഴപ്പമില്ലായെന്ന് വ്യാമോഹിക്കുന്ന കാലം മാറിയിരിക്കുന്നു.ഒരു വശത്ത് പ്രകോപനം നടത്തുകയും അധിക്ഷേപിക്കുകയും ചെയ്തിട്ട് മറു വശത്ത് ബിഷപ് ഹൗസുകൾ കയറിയിറങ്ങുന്നത് കൊണ്ട് കാര്യമില്ല. സമുദായത്തിന്റെ പ്രശ്നങ്ങളിൽ ഒരു വിട്ടു വീഴ്ചക്കും തയ്യാറല്ല.പ്രബുദ്ധമായ ജനത വ്യക്തമായ നിലപാടുകൾ എടുക്കുമെന്നും അവകാശങ്ങൾക്ക് വേണ്ടി പോരാടാനുള്ള രാഷ്ട്രീയ വേദി ഒരുക്കുമെന്നും കത്തോലിക്ക കോൺഗ്രസ്‌ യോഗം പ്രസ്താവിച്ചു.

ബിഷപ് മാർ കല്ലറങ്ങാട്ട് ഉന്നയിച്ച വിഷയങ്ങളിൽ നീതി പൂർവകമായ അന്വേഷണം നടത്താൻ സർക്കാർ തയ്യാറാകണം. അദ്ദേഹത്തിന്റെ നിലപാടുകൾക്ക് പിന്തുണ പ്രഖ്യാപിച്ച രാഷ്ട്രീയ പാർട്ടികളുടെയും വിവിധ സമുദായ വിഭാഗങ്ങളുടെയും സമീപനങ്ങൾ സ്വാഗതർഹമാണെന്നും അവരോട് നന്ദിയർപ്പിക്കുന്നെന്നും കത്തോലിക്ക കോൺഗ്രസ്‌ രാഷ്ട്രീയകാര്യ സമിതി അറിയിച്ചു.

കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ പ്രസിഡന്റ് അഡ്വ ബിജു പറയന്നിലത്തിന്റെ അദ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജനറൽ സെക്രട്ടറി രാജീവ്‌ കൊച്ചുപറമ്പിൽ,രാഷ്ട്രീയ കാര്യ സമിതി അംഗങ്ങളായ ഡോ ജോസുകുട്ടി ഒഴുകയിൽ, പ്രൊഫ കെ എം ഫ്രാൻസിസ്, ഡോ ചാക്കോ കാളാംപറമ്പിൽ, അഡ്വ പി റ്റി ചാക്കോ, തോമസ് പീടികയിൽ,ഡോ ജോബി കാക്കശ്ശേരി,തോമസ് ആന്റണി, ജോർജ് കോയിക്കൽ എന്നിവർ പ്രസംഗിച്ചു.