റബ്ബർ കൃഷി വ്യവസായമാക്കി മാറ്റാനുള്ള നീക്കം പ്രതിഷേധാർഹം :കത്തോലിക്ക കോൺഗ്രസ്‌


കൊച്ചി :പുതിയ റബ്ബർ നിയമത്തിലൂടെ റബ്ബർ കൃഷി വ്യവസായമായി മാറ്റാനുള്ള കേന്ദ്ര സർക്കാർ നീക്കം പ്രതിഷേധാർഹമാണെന്നും ഇത് കോർപ്പറേറ്റുകളെ സഹായിക്കാനാണെന്നും ഇതിൽ നിന്ന് സർക്കാർ പിന്മാറണമെന്നും കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതി.
 
ഇപ്പോഴത്തെ റബ്ബർ ആക്ട് റദ് ചെയ്ത് കൊണ്ടു വരുന്ന പുതിയ നിയമം റബ്ബർ ബോർഡിന്റെ പ്രസക്തി ഇല്ലാതാക്കും. റബ്ബറിന്റെ ഗുണ നിലവാരം നിർണ്ണയിക്കുന്നതിനും ഇറക്കുമതിക്കു ശിപാർശ ചെയ്യുന്നതിനും റബ്ബറിന്റെ കുറഞ്ഞതും കൂടിയതുമായ വില നിശ്ചയിക്കുന്നതിനുമുള്ള അധികാരം റബ്ബർ ബോർഡിൽ നിന്ന് കേന്ദ്ര സർക്കാരിൽ എത്തിച്ചേരും.ഇപ്പോൾ തന്നെ റബ്ബർ വിപണിയാകെ വ്യവസായികളുടെ കയ്യിലാണ്. ഈ നിയമത്തിലൂടെ സർക്കാർ സഹായത്തോടെ വ്യവസായികൾ നേരിട്ട് റബ്ബർ കൃഷിയിലേക്കു വരുന്നത് ചെറുകിട കർഷകരെ ബാധിക്കും.
റബ്ബർ ബോർഡ് ലൈസൻസ് ഇല്ലാത്തവർക്കും വ്യാപാരം ചെയ്യാൻ അനുവാദം ലഭിക്കുന്നത് വഴി ഇടപാടുകളിൽ ഗുരുതരമായ ക്രമക്കേടുകൾ ഉണ്ടാകും. കൂടാതെ കൃത്രിമ റബ്ബറിന്റെ സുലഭമായ ഇറക്കുമതിക്കും നിയമം കാരണമാകും.
 
പുതിയ ബിൽ പ്രകാരം റബ്ബർ ബോർഡിൽ കേരളത്തിനുള്ള പ്രാതിനിധ്യം ദുർബലമാകുന്നതും  റബ്ബർ മേഖലയെക്കുറിച്ച് അറിവില്ലാത്തവർ ബോർഡിൽ വരുന്നതിന് കാരണമാകുന്നതും ആശങ്കജനകമാണെന്നും കത്തോലിക്ക കോൺഗ്രസ്‌ പറഞ്ഞു.
പുതിയ ബില്ലിൽ അഭിപ്രായം പറയാനുള്ള സമയപരിധി ജനുവരി 21എന്നത് തീർത്തും അപര്യാപ്തമാണെന്നും കർഷകരുടെ കണ്ണിൽ പൊടിയിടാനുള്ള ശ്രമങ്ങൾ അംഗീകരിക്കില്ലായെന്നും ശക്തമായ പ്രതിഷേധങ്ങൾ ആരംഭിക്കുമെന്നും കത്തോലിക്ക കോൺഗ്രസ്‌ കേന്ദ്ര സമിതി അറിയിച്ചു.