സർക്കാരുകൾക്ക് താക്കീതായി കത്തോലിക്ക കോൺഗ്രസ് കർഷക പ്രതിഷേധ ജ്വാല



വടക്കഞ്ചേരി - 
വന്യമൃഗശല്യത്തിന് ശാശ്വത പരിഹാരം കാണുക , കാർഷികോൽപ്പന്നങ്ങളുടെ വിലസ്ഥിരത ഉറപ്പ് വരുത്തുക, സർക്കാരുകളുടെ കർഷകദ്രോഹ പരമായ നയങ്ങളും , ബഫർ സോൺ പോലുള്ള കരീനിയമങ്ങളും പിൻവലിക്കുക എന്നീ കാർഷിക മേഖലയിലെ വിവിധോന്മുഖങ്ങളായ ആവശ്യങ്ങൾ ഉന്നയിച്ച് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ പാലക്കാട് , തൃശൂർ , ഇരിഞ്ഞാലക്കുട രൂപതകളുടെ നേതൃത്വത്തിൽ ബഹുജന കർഷക പ്രതിഷേധ റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. 
 
 വടക്കഞ്ചേരി ലൂർദ് മാതാ ഫൊറോന പള്ളി വികാരി ഫാ. ജയ്സൺ കൊള്ളന്നൂർ  പ്രതിഷേധ റാലി ഫ്ലാഗ് ഓഫ് ചെയ്തു. 
തുടർന്ന് കർഷക പ്രതിഷേധ ജ്വാല തെളിയിക്കലും പൊതുസമ്മേളനവും പാലക്കാട് രൂപത ബിഷപ്പ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്തു. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡൻറ് ഡോ. ജോസുകുട്ടി ജെ ഒഴുകയിൽ സമ്മേളനത്തിൽ അധ്യക്ഷത വഹിച്ചു.
കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി.
 
വന്യജീവി ആക്രമണങ്ങൾക്ക് ഇരയായവർക്ക് മതിയായ നഷ്ടപരിഹാരം നൽകുക, ബഫർ സോൺ വനത്തിൽ തന്നെ നിലനിർത്തുക, കാർഷിക വിളകൾക്ക് ന്യായവില ഉറപ്പാക്കുക. പരിസ്ഥിതി ലോല പ്രദേശങ്ങളിൽ നിന്ന് കർഷകരുടെ ഭൂമി ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷക പ്രതിഷേധ ജ്വാലയും പൊതുസമ്മേളനവും സംഘടിപ്പിച്ചത്.
 
കർഷക പ്രതിഷേധ ജ്വാല തെളിയിക്കലിനു ശേഷം കർഷക പ്രതിജ്ഞയ്ക്ക് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ വൈസ് പ്രസിഡൻറ് ഡോക്ടർ സി എം മാത്യു നേതൃത്വം നൽകി.  ഗ്ലോബൽ ട്രഷറർ ഡോക്ടർ ജോബി കാക്കശ്ശേരി . സെക്രട്ടറിമാരായ ചാർലി മാത്യു ,ബെന്നി ആൻറണി, രൂപത പ്രസിഡന്റ്മാരായ തോമസ് ആൻറണി, പത്രോസ് വടക്കഞ്ചേരി, എൻ ബി ജാക്സൺ, ഫാ. ജോബി കാച്ചപ്പിള്ളി, സണ്ണി നെടുംപുറം, സോളി തോമസ്, അഭിഷേക് 
പുന്നംതടത്തിൽ, ജിജോ അറക്കൽ തുടങ്ങിയവർ പ്രസംഗിച്ചു.
പാലക്കാട് തൃശൂർ ഇരിഞ്ഞാലക്കുട രൂപതകളിലെ വിവിധ മേഖലകളിൽ നിന്നായി ആയിരക്കണക്കിന് പ്രതിനിധികൾ കർഷക പ്രതിഷേധ ജ്വാല റാലിയിലും പൊതുസമ്മേളനത്തിലും പങ്കെടുത്തു.