Catholic Congress Mass Petition to Prime Minister


 
കത്തോലിക്ക കോൺഗ്രസിന്റെ നേതൃത്വത്തിൽ 5 ലക്ഷം പേർ ഒപ്പിട്ട ഭീമഹർജി നൽകും
കൊച്ചി - ഭാരതത്തിലെ ക്രൈസ്തവ സമൂഹം സമാനതകളില്ലാത്ത പ്രതിസന്ധികളിലൂടെ കടന്നു പോകുന്ന  സാഹചര്യത്തിൽ കത്തോലിക്ക കോൺഗ്രസ്‌   വിവിധ തലങ്ങളിൽ ശക്തമായ ഇടപെടലുകൾ നടത്തേണ്ടത് വളരെ അത്യാവശ്യമാണെന്ന് കർദിനാൾ മാർ ജോർജ് ആലഞ്ചേരി . കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ സമിതിയുടെ ആഭിമുഖ്യത്തിൽ പൊതു സമൂഹത്തെയും പ്രത്യേകമായി ക്രൈസ്തവ സമുദായത്തെയും രൂക്ഷമായി ബാധിക്കുന്ന വിവിധ വിഷയങ്ങൾ ഉന്നയിച്ചുകൊണ്ട്  5 ലക്ഷം പേർ ഒപ്പിട്ട ഭീമഹർജി പ്രധാനമന്ത്രിക്കും ,കേന്ദ്ര ആഭ്യന്തര മന്ത്രിക്കും , വനം മന്ത്രിക്കും സംസ്ഥാന മുഖ്യമന്ത്രിക്കും സമർപ്പിക്കുന്നതിന്റെ ഔദ്യോഗിക ഉദ്ഘാടനം കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നിർവ്വഹിച്ഛ് സംസാരിക്കുകയായിരുന്നു കർദ്ദിനാൾ .
മണിപ്പൂർ മുതൽ അമൽജ്യോതി വരെ വ്യത്യസ്തങ്ങളായ ഭീഷണികളും ആക്രമണങ്ങളും ക്രൈസ്തവരുടെ സമാധാനപരമായ  നിലനിൽപ്പിനെ തന്നെ ചോദ്യം ചെയ്യുന്ന സാഹചര്യമാണ് നിലവിലുള്ളത് എന്ന് മുഖ്യപ്രഭാഷണം നടത്തിയ ബിഷപ് ലെഗേറ് മാർ റെമീജിയോസ് ഇഞ്ചനാനിയിൽ പറഞ്ഞു .
സമുദായത്തിന്റെ പ്രധാന ഉപജീവന മാർഗമായ കാർഷിക മേഖലയിലെ എല്ലാ ഉൽപ്പന്നങ്ങളും രൂക്ഷമായ വിലത്തകർച്ചയാണ് നേരിടുന്നത് . രൂക്ഷമായ വന്യമൃഗ ശല്യവും , വന്യമൃഗങ്ങളുടെ ആക്രമണങ്ങൾ മൂലവും നിരവധി കർഷകർ നിരന്തരം കൊല്ലപ്പെടുന്ന സാഹചര്യമാണ് നിലവിലുള്ളത് .  കഴിഞ്ഞ കാലങ്ങളിൽ നിരവധി പ്രതിഷേധങ്ങൾ നടത്തിയിട്ടും സർക്കാരുകൾ തികഞ്ഞ നിഷേധാൽമക സമീപനങ്ങൾ സ്വീകരിക്കുന്നത് തികച്ചും പ്രതിഷേധാർഹമാണ് . സർക്കാരുകളുടെ നിഷേധാത്മകമായ നിലപാടുകൾക്കെതിരെ ശക്തമായ പ്രതിഷേധ പരിപാടികൾക്ക് രാജ്യ വ്യാപകമായി കത്തോലിക്ക കോൺഗ്രസ് നേതൃത്വം നൽകുമെന്ന് അധ്യക്ഷത വഹിച്ച പ്രസിഡന്റ് അഡ്വ ബിജു പറയന്നിലം പറഞ്ഞു
കത്തോലിക്ക കോൺഗ്രസിന്റെ എല്ലാ രൂപതാ സമിതികളുടെയും  നേതൃത്വത്തിൽ ജൂലൈ 2,ജൂലൈ 9 തീയതികളിൽ എല്ലാ ഇടവകകളിലും ഒപ്പ് ശേഖരണം നടത്തും . ഇതിന്റെ തുടർച്ചയായി തിരുവനന്തപുരം സെക്രട്ടറിയേറ്റിനു മുൻപിലും ,  ഡൽഹി പാർലമെന്റിനു മുൻപിലും  പ്രതിഷേധ സമരങ്ങൾ സംഘടിപ്പിക്കും .
5 ലക്ഷം പേർ ഒപ്പിട്ട ഭീമഹർജി തയ്യാറാക്കുന്നതിനും പ്രതിഷേധ പരിപാടികൾക്കും വൈസ് പ്രസിഡന്റ് ഡോ ജോസ്കുട്ടി ഒഴുകയിൽ കൺവീനറായി കമ്മറ്റി രൂപീകരിച്ചു .
കത്തോലിക്ക കോൺഗ്രസ് ഡയറക്ടർ ഡോ. ഫിലിപ്പ് കവിയിൽ , ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ ,ട്രെഷറർ ഡോ. ജോബി കാക്കശ്ശേരി , ഭാരവാഹികളായ ഡോ. കെ . എം . ഫ്രാൻസീസ് , ഡോ. ജോസ്‌കുട്ടി ജെ ഒഴുകയിൽ , തോമസ് പീടികയിൽ , രാജേഷ് ജോൺ , ടെസ്സി ബിജു , ബെന്നി ആന്റണി , ട്രീസ ലിസ് സെബാസ്റ്യൻ , അഡ്വ . ഗ്ലാഡിസ് ചെറിയാൻ തുടങ്ങിയവർ പ്രസംഗിച്ചു .