വനം മന്ത്രി രാജി വെക്കണം:
കൊച്ചി: കേരളത്തിൽ വിവിധ സ്ഥലങ്ങളിൽ വന്യ ജീവി ആക്രമണങ്ങളിൽ നിരന്തരമായി കർഷകർ കൊല്ലപ്പെടുന്നത് വനം വകുപ്പിന്റെ വികലമായ നയങ്ങളും നടപടികളും മൂലമാണെന്നും, ഉത്തരവാദിത്തത്തിൽ നിന്ന് സർക്കാരിന് ഒഴിയാനാകില്ലെന്നും, വനം മന്ത്രി രാജി വെക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
രാജ്യത്തെ പൗരന്റെ അടിസ്ഥാനപരമായ ജീവിക്കാനുള്ള അവകാശത്തെ പോലും സംരക്ഷിക്കാൻ കഴിയാത്ത ഭരണാധികാരികൾ രാജി വെച്ച് പുറത്ത് പോവുകയാണ് വേണ്ടത്.എല്ലാ രാജ്യങ്ങളും അവരുടെ പൗരന്മാരുടെ അവകാശങ്ങൾക്ക് നൽകുന്ന പ്രാധാന്യം വിദേശ രാജ്യങ്ങൾ നിരന്തരം സന്ദർശിക്കുന്ന മന്ത്രിമാർ കണ്ടു പഠിക്കേണ്ടത് തന്നെയാണ്.
കഴിഞ്ഞ ദിവസം വയനാട്ടിൽ കടുവയുടെ ആക്രമണത്തിൽ തോമസ് എന്ന കർഷകൻ കൊല്ലപ്പെട്ടത് വേദനാജനകമാണ്.വനം വകുപ്പിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.
കാട്ടാനകളും കാട്ടുപന്നിയും ഇടുക്കിയിലും വയനാട്ടിലും പാലക്കാട്ടും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ കൂട്ടമായി ഇറങ്ങി വന്ന് മനുഷ്യരെ ആക്രമിക്കുന്നു. നിരവധി ആളുകൾ കൊല്ലപ്പെട്ടു കഴിഞ്ഞു.കർഷകരുടെ കൃഷി നശിപ്പിക്കുന്നത് തുടർ സംഭവങ്ങളായി മാറി .മലയോര മേഖലകളിൽ സാധാരണ ജനങ്ങൾക്ക് വീട്ടിൽ കിടന്നുറങ്ങുവാൻ പോലും കഴിയാത്ത സ്ഥിതിയാണ്. ഇത്രയും ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടായിട്ടും വനം മന്ത്രിയും വനം വകുപ്പും ഗുണകരമായ നടപടികൾ എടുക്കാതെ കുറ്റകരമായ അനാസ്ഥ കാണിക്കുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്. നാട്ടിൽ ഇറങ്ങി ആളുകളെ ഉപദ്രവിക്കുന്ന കടുവയെയും കാട്ടു പന്നികൾ ഉൾപ്പെടെയുള്ള മൃഗങ്ങളെയും കൊല്ലുവാനുള്ള തീരുമാനം ഉണ്ടാകണം. മനുഷ്യരുടെ ജീവനേക്കാൾ പ്രാധാന്യം വന്യ മൃഗങ്ങൾക്കില്ല.
ജനങ്ങളുടെ ജീവന് സംരക്ഷണം നൽകുവാനുള്ള ഉത്തരവാദിത്തം സർക്കാരിനുണ്ട്.
ബഫർ സോൺ ഉൾപ്പെടെയുള്ള നിയമങ്ങളിലൂടെയും വന്യമൃഗ ആക്രമണങ്ങളിൽ നടപടി എടുക്കാതെയും കർഷകരെ കുടിയിറക്കാനുള്ള ആസൂത്രിത ശ്രമങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്.ഇത്തരം ജനദ്രോഹ നടപടികൾ അവസാനിപ്പിച്ചു സർക്കാർ കൃത്യമായ നടപടികൾ സ്വീകരിക്കുന്നില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുവാൻ കത്തോലിക്ക കോൺഗ്രസ് തീരുമാനിച്ചു.
പ്രസിഡന്റ് അഡ്വ ബിജു പറയന്നിലത്തിന്റെ അദ്യക്ഷതയിൽ ചേർന്ന പ്രതിഷേധ യോഗത്തിൽ ഡയറക്ടർ ഫാ ജിയോ കടവി, ജന സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ,ഡോ ജോബി കാക്കശ്ശേരി, ഡോ ജോസ്‌കുട്ടി ഒഴുകയിൽ,അഡ്വ ടോണി പുഞ്ചക്കുന്നേൽ, ഡോ കെ പി സാജു, സെബാസ്റ്റ്യൻ പുരക്കൽ, ഡോ ചാക്കോ കാളാമ്പറമ്പിൽ, തോമസ് ആന്റണി,ജീജോ അറക്കൽ,ജോർജ് കോയിക്കൽ, സിജോ ഇലന്തൂർ എന്നിവർ പ്രസംഗിച്ചു.