കക്കുകളി നാടകം നിരോധിക്കുവാൻ കേസ് ഫയൽ ചെയ്ത് കത്തോലിക്ക കോൺഗ്രസ്‌ യൂത്ത് കൗൺസിൽ


 
 
കൊച്ചി : കക്കുകളി നാടകം ഒരു സമൂഹത്തിനു നേരെയുള്ള സംഘടിത ആക്രമണമാകയാൽ അത് നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ യൂത്ത് കൗൺസിൽ ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തു.ഈ പ്രശ്നം ഉന്നയിച്ച് കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ യൂത്ത് കൗൺസിൽ കേന്ദ്ര ഇൻഫർമേഷൻ ആൻഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയ സെക്രട്ടറി, കേരള ഗവണ്മെന്റ് ചീഫ് സെക്രട്ടറി, തൃശൂർ ജില്ലാ കളക്ടർ എന്നിവർക്ക് ഡ്രാമാറ്റിക്ക് പെർഫോമൻസ് ആക്ട് പ്രകാരം പരാതി നൽകിയിരുന്നു.
 
ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ എന്ത് കൊള്ളരുതായ്മയും ആഭാസത്തരവും ചെയ്യുന്നത് അംഗീകരിക്കാനാവില്ല.ഈ നാടകം കേരളത്തിൽ ഇനിയും നടത്തുമെന്ന് വെല്ലുവിളിക്കുമ്പോൾ,അത് മതവികാരം വ്രണപ്പെടുത്തി സമുദായസ്പർദ്ധ വളർത്താനുള്ള ആസൂത്രിത ശ്രമമാണെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ യൂത്ത് കൗൺസിൽ കുറ്റപ്പെടുത്തി.
ഹിഡൻ അജണ്ടയുമായി നീങ്ങുന്ന ഇത്തരക്കാർക്ക് പിന്തുണ കൊടുത്തുകൊണ്ട് കടന്നു വന്ന എ ഐ വൈ എഫ് ഉൾപ്പെടെ ചില  രാഷ്ട്രീയ സംഘടനകളുടെ കപടമുഖം പ്രതിഷേധാർഹമാണ്.
ഇത്തരം പ്രവർത്തികളുമായി ചില സംഘടിത ശക്തികൾ ക്രൈസ്തവ സമൂഹത്തെ കഴിഞ്ഞ കുറെ നാളുകളായി വേട്ടയാടിക്കൊണ്ടിരിക്കുകയാണ്.
 
ക്രൈസ്തവ ജീവിതത്തിൽ സന്യാസവ്രതം എടുത്ത് സമൂഹത്തിന്റെ സർവോന്മുഖമായ മേഖലയിൽ നിസ്വാർത്ഥ സേവനം ചെയ്യുന്ന സന്യാസികളെ, അവരുടെ ജീവിതാന്തസ്സിന്റെ ഒരു നന്മയും കാണാതെ  വികൃതമായി ഈ നാടകത്തിലൂടെ ചിത്രീകരിചിരിക്കുന്നത് അപലനീയമാണ്. ജാതിയും മതവും വർണ്ണവും വർഗ്ഗവും രാഷ്ട്രീയവും നോക്കാതെ സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരെ ചേർത്തു നിർത്തിയ ചരിത്രമാണ് സന്യാസിനി സമൂഹത്തിനുള്ളത്.വിദ്യാഭ്യാസം, ആരോഗ്യം, ജീവകാരുണ്യ മേഖലകളിൽ ഇവർ ചെയ്യുന്ന നിസ്തുല സേവനത്തെ നാടക ആവിഷ്ക്കരണത്തിന്റെ ഉത്തരവാദിത്വപ്പെട്ടവർ മറക്കുന്നുവെന്ന്  യോഗം കുറ്റപ്പെടുത്തി.
 
കത്തോലിക്ക കോൺഗ്രസ്‌ ഗ്ലോബൽ പ്രസിസന്റ് അഡ്വ. ബിജു പറയന്നിലം അദ്ധ്യക്ഷത  വഹിച്ച യോഗത്തിൽ ഡയറക്ടർ ഫാ ജിയോ കടവി,ജനറൽ സെക്രട്ടറി രാജിവ് കൊച്ചുപറമ്പിൽ,ഡോ.ജോബി കാക്കശ്ശേരി,ട്രീസാ ലിസ് സെബാസ്റ്റ്യൻ ,ബെന്നി ആന്റണി,യൂത്ത് കൗൺസിൽ ജനറൽ കോർഡിനേറ്റർ ബിനു ഡൊമിനിക്ക് നടുവിലേഴം,അഡ്വ മനു വരാപ്പള്ളി, ജോമോൻ വെള്ളാപ്പള്ളി,സിജോ ഇലന്തൂർ, ജോയിസ് മേരി ആന്റണി,സിജോ അമ്പാട്ട്,അനൂപ് പുന്നപ്പുഴ എന്നിവർ പ്രസംഗിച്ചു.നിയമത്തിന്റെ വഴിയിലും കേരള സമൂഹ മനസാക്ഷിയുടെ മുൻപിലും വിധ്വംസക ശക്തികളുടെ കപട മുഖം തുറന്നു കാണിക്കുവാനാണ് ഈ നിയമ നടപടി എന്ന് കത്തോലിക്ക കോൺഗ്രസ്‌ യൂത്ത് കൗൺസിൽ അറിയിച്ചു. അതിനായി ബിനു ഡോമിനിക്, അഡ്വ മനു വരാപ്പള്ളി എന്നിവരെ ചുമതലപ്പെടുത്തി. അഡ്വ. ലൂക്ക് ജെ. ചിറയിൽ മുഖാന്തിരമാണ് ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിരിക്കുക.