സമുദായത്തിനെതിരെയുള്ള സംഘടിത അവഹേളനം അനുവദിക്കില്ല: കത്തോലിക്ക കോൺഗ്രസ്.


 
 
കൊച്ചി :  ഗുരുവായൂരിൽ കക്കുകളി എന്ന നാടകത്തിന്റെ പേരിൽ ക്രൈസ്തവ  സമുദായത്തേയും  സന്യാസിനികളേയും അവഹേളിക്കുവാൻ നടത്തിയ ഹീനശ്രമം അപലപനീയവും  പ്രതിഷേധാർഹവുമാണെന്ന് കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി . 
കഴിഞ്ഞ ദിവസം തലശ്ശേരി ബ്രണ്ണൻ കോളേജിൽ വിശുദ്ധ കുരിശിനെ അവഹേളിച്ചു വളരെ വികലമായി ചിത്രീകരിച്ച് എസ് . എഫ് . ഐയുടെ നേതൃത്വത്തിൽ പോസ്റ്ററുകൾ പതിപ്പിച്ച് പ്രചരിപ്പിച്ചതും  ക്രൈസ്തവ വിശ്വാസ സമൂഹത്തെ അങ്ങേയറ്റം വേദനിപ്പിക്കുകയും മുറിപ്പെടുത്തുകയും ചെയ്തു.
 
ഈ നാളുകളിൽ ഇത്തരത്തിലുള്ള ആക്രമണങ്ങളും , അവഹേളനങ്ങളും  തുടർകഥയാകുമ്പോൾ ഇത് വളരെ ബോധപൂർവം ചില കേന്ദ്രങ്ങളിൽ നിന്ന് ചെയ്യുന്നതാണ് എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു.
ക്രൈസ്തവർക്ക് തങ്ങളുടെ ജീവന് തുല്യമായ വിശുദ്ധ കുരിശിന്റെ മഹത്വത്തെ  മോശമാക്കി ചിത്രീകരിക്കുന്നത് വിശ്വാസത്തെ വ്രണപ്പെടുത്തുന്നതാണ് . 
എസ് . എഫ്. ഐ പോലെയുള്ള സംഘടനകൾ ഇത്തരത്തിലുള്ള ശ്രമങ്ങൾ മുൻപും നടത്തിയിട്ടുണ്ട്.
ഈ വിഷയത്തിൽ ഇവരെ  നിയന്ത്രിക്കുന്ന സി.പി. എമ്മിന്റെ നിലപാട് എന്താണ് എന്ന് വ്യക്തമാക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു . 
 
ഗുരുവായൂരിൽ കക്കുകളി നാടകത്തിൽ സന്യാസത്തെ അവഹേളിച്ച് നടക്കുന്ന  ബോധപൂർവമായ ശ്രമങ്ങളും  ഗൂഡാലോചനയുടെ ഭാഗം തന്നെയാണ്. സ്വജീവിതം മാറ്റി വെച്ച് ജീവിതകാലം മുഴുവൻ മറ്റുള്ളവർക്ക്  ശൂശ്രൂഷ ചെയ്യുന്ന സന്യാസിനികളെ പൊതു സമൂഹത്തിന് മുൻപിൽ വികലമായി ചിത്രീകരിക്കുന്നത് ചില തൽപര കക്ഷികളുടെ നിക്ഷിപ്ത താൽപര്യമാണ്.
ഈ നാടകം അബുദാബിയിൽ മത്സരത്തിന് പ്രദർശിപ്പിച്ചപ്പോൾ കത്തോലിക്ക കോൺഗ്രസ്‌ അബുദാബി സമിതി പ്രതിഷേധിക്കുകയും  അതെ തുടർന്ന് മത്സര വിധി നിർണയത്തിൽ നിന്ന് ഒഴിവാക്കിയതുമാണ്. ഇത് ഇപ്പോൾ കേരളത്തിലുടനീളം പ്രദർശിപ്പിക്കുവാനുള്ള ഗൂഢനീക്കത്തിനു പിന്നിൽ ഭരണ സംവിധാനങ്ങളുടെ പിന്തുണ ലഭിക്കുന്നുവെന്നത് അംഗീകരിക്കാനാവില്ല.
 
ക്രൈസ്തവ വിശ്വാസത്തെ തുടർച്ചയായി അവഹേളിക്കുന്ന ഒരു എം എൽ എ കൂടി നേതൃത്വം വഹിക്കുന്ന ജനകീയ പ്രതിരോധ ജാഥയുമായി സി പി എം സംസ്ഥാന സെക്രട്ടറി കേരളത്തിലുടനീളം സഞ്ചരിക്കുമ്പോൾ, ഒരു വിഭാഗത്തിന് നീതി നിഷേധിക്കുന്ന തരത്തിൽ വിഘടന വാദികളെ മുൻപിൽ നിർത്തി നടത്തുന്ന  ജാഥകൾ പൊതു സമൂഹത്തിൽ തെറ്റായ സന്ദേശമാണ് നൽകുന്നത് എന്ന് പറയേണ്ടിയിരിക്കുന്നു. ഇത്തരത്തിൽ ഭരണത്തിന്റെയും സംഘടിത രാഷ്ട്രീയ പാർട്ടികളുടേയും സഹായത്തോടു കൂടി നടത്തുന്ന ഗൂഢ ശ്രമങ്ങൾ അവസാനിപ്പിക്കണമെന്നും  ഇത്തരക്കാരെ നിലക്കു നിർത്തുവാൻ ഭരണാധികാരികൾ തയ്യാറാകണമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി ആവശ്യപ്പെട്ടു .
യുക്തമായ നടപടികൾ ഉണ്ടാകുന്നില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി  കത്തോലിക്ക കോൺഗ്രസ് കടന്നു വരുമെന്ന് ഗ്ലോബൽ സമിതി നേതൃസമ്മേളനം പറഞ്ഞു.