മണിപ്പൂർ സർക്കാരിനെ പിരിച്ചു വിടണം : കത്തോലിക്ക കോൺഗ്രസ് ഇന്ന് കത്തോലിക്ക കോൺഗ്രസ് ഐക്യദാർഢ്യ ദിനം
മണിപ്പൂർ സർക്കാരിനെ പിരിച്ചു വിടണം : കത്തോലിക്ക കോൺഗ്രസ്
ഇന്ന് കത്തോലിക്ക കോൺഗ്രസ് ഐക്യദാർഢ്യ ദിനം
കൊച്ചി : മണിപ്പൂരിലെ കലാപത്തിലും ക്രൈസ്തവ സ്ഥാപനങ്ങൾ തിരഞ്ഞുപിടിച്ച് നശിപ്പിക്കുന്നതിലും പ്രതിഷേധിച്ചും , മണിപ്പൂർ സർക്കാരിനെ പിരിച്ചു വിടണം എന്നാവശ്യപ്പെട്ടുകൊണ്ടും കത്തോലിക്ക കോൺഗ്രസ് ഇന്ന് ഐക്യദാർഢ്യ ദിനമായി ആചരിക്കും. കഴിഞ്ഞ ഒരു മാസക്കാലമായി തുടർന്ന് കൊണ്ടിരിക്കുന്ന കലാപത്തിന് ഒരു അറുതി വരുത്തുവാൻ കേന്ദ്ര സർക്കാരിനോ , മണിപ്പൂർ സർക്കാരിനോ സാധിക്കുന്നില്ല എന്നത് തകച്ചും ആശ്ചര്യജനകവും അതിലേറെ ഭീതിജനകവുമാണ് . പക്ഷപാതപരമായി മെയ്തി വിഭാഗത്തിന് ഒത്താശ ചെയ്തുകൊണ്ട് പെരുമാറുന്ന മണിപ്പൂരിലെ ദുർബലമായ സംസ്ഥാന ഭരണകൂടത്തെ പിരിച്ചു വിട്ടുകൊണ്ട്, നിഷ്പക്ഷ നിയമവാഴ്ച ഉറപ്പാക്കാനുള്ള നടപടികൾ കേന്ദ്ര ഗവൺമെൻറ് ഭാഗത്തുനിന്നും അടിയന്തരമായി ഉണ്ടാകണം .
ശക്തമായ നടപടികളിലൂടെ കലാപം അമർച്ച ചെയ്യുകയും, വനത്തിലും ദുരിതാശ്വാസ ക്യാമ്പുകളിലും താമസിക്കുന്നവർക്ക് സഹായങ്ങൾ എത്തിക്കുകയും അത് ഉറപ്പാക്കുകയും, ഭാവിയിൽ ഇത്തരത്തിൽ കലാപങ്ങൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യേണ്ടത് അനിവാര്യമാണ്. കേന്ദ്രസർക്കാരിന്റെ അടിയന്തര ഇടപെടലാണ് ഇക്കാര്യത്തിൽ ആവശ്യമായിരിക്കുന്നത് . ഇന്ത്യൻ ഭരണഘടനയുടെ 355 വകുപ്പ് അനുസരിച്ച് മണിപ്പൂരിന്റെ ക്രമസമാധാനം പൂർണമായും കേന്ദ്രസർക്കാർ ഏറ്റെടുത്ത സാഹചര്യത്തിൽ ക്രമസമാധാനവും , സമാധാനപരമായ അന്തരീക്ഷവും മണിപ്പൂരിൽ ഉറപ്പു വരുത്തുവാൻ കേന്ദ്ര സർക്കാരിന് ബാധ്യതയും കടമയും ഉണ്ട് .
മണിപ്പൂരിലെ കലാപം രണ്ടു വിഭാഗങ്ങൾ തമ്മിലുള്ള വെറും ഒരു കലാപമായി കാണുവാൻ കഴിയില്ല എന്ന് കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി വിലയിരുത്തി . രണ്ടു വിഭാഗങ്ങളിലെയും ക്രൈസ്തവ ആരാധനാലയങ്ങളും സ്ഥാപനങ്ങളും വ്യാപകമായി തകർക്കപ്പെട്ടു കൊണ്ടിരിക്കുന്നത് വലിയ ഒരു ഗൂഡാലോചനയുടെ ഭാഗമാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു . ക്രൈസ്തവരെയും , ക്രൈസ്തവ ദേവാലയങ്ങളെയും , സ്ഥാപനങ്ങളെയും തിരഞ്ഞു പിടിച്ചു നശിപ്പിക്കുന്നത് തികച്ചും അപലനീയമാണ് . സർക്കാർതന്നെ അക്രമികൾക്ക് ഒത്താശ ചെയ്യുന്നുവെന്ന ആരോപണവും , സർക്കാർ ശേഖരത്തിൽ നിന്നും ആധുനിക ആയുധങ്ങൾ കവർന്നെടുക്കുവാൻ അക്രമികൾക്ക് അവസരം നൽകിയിരിക്കുന്നു എന്ന ആരോപണവും മണിപ്പൂർ സർക്കാരിനെ പ്രതിക്കൂട്ടിൽ ആക്കിയിരിക്കുന്നു സാഹചര്യത്തിൽ കേന്ദ്ര സർക്കാർ മണിപ്പൂർ സർക്കാരിനെ പിരിച്ചു വിടണം എന്ന് കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി യോഗം ആവശ്യപ്പെട്ടു .
മണിപ്പൂരിൽ അതി ക്രൂരമായി വേട്ടയാടാപ്പെടുന്ന ക്രൈസ്തവ സമുദായത്തോടും, പൊതു സമൂഹത്തോടും ഐക്യദാർഢ്യം പ്രഖ്യാപിച്ചു കെ ഒണ്ടു കത്തോലിക്കാ കോൺഗ്രസ് ഇന്ന് എല്ലാ യൂണിറ്റുകളിലും ഐക്യദാർഢ്യ ദിനമായി ആചരിക്കും . എല്ലാ യൂണിറ്റുകളിലും പ്രതിഷേധ യോഗങ്ങളും , പ്രാർത്ഥനകളും സംഘടിപ്പിക്കും . മണിപ്പൂരിൽ അതി ക്രൂരമായി വേട്ടയാടാപ്പെടുന്ന ക്രൈസ്തവ സമുദായത്തോടും, പൊതു സമൂഹത്തോടും ഉള്ള ഐക്യദാർഢ്യ പ്രഖ്യാപനത്തിന്റെ ഔപചാരികമായ ഉത്‌ഘാടനം ഗ്ലോബൽ പ്രസിഡന്റ് അഡ്വ . ബിജു പറയന്നിലം നിർവ്വഹിച്ചു . ശ്രീ ഡീൻ കുര്യാക്കോസ് എം പി . മുഖ്യപ്രഭാഷണം നടത്തി . ഗ്ലോബൽ ഡയറക്ടർ ഡോ. ഫിലിപ്പ് കവിയിൽ , ജനറൽ സെക്രട്ടറി രാജീവ് കൊച്ചുപറമ്പിൽ , ട്രെഷറർ ഡോ. ജോബി കാക്കശ്ശേരി , ഭാരവാഹികളായ ഡോ. ജോസ്‌കുട്ടി ജെ ഒഴുകയിൽ , രാജേഷ് ജോൺ , ബെന്നി ആന്റണി , വര്ഗീസ് ആന്റണി , അഡ്വ . ടോണി പുഞ്ചക്കുന്നേൽ ഡോ. ചാക്കോ കാളാംപറമ്പിൽ , തോമസ് ആന്റണി തുടങ്ങിയവർ പ്രസംഗിച്ചു .