ഇ എസ് എ, വന്യജീവി ആക്രമണ പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും


ഇ എസ് എ, വന്യജീവി ആക്രമണ പ്രശ്നങ്ങൾ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും: കത്തോലിക്ക കോൺഗ്രസ്.
 
കൊച്ചി:കേരളത്തിലെ മലയോര മേഖലകളിലെ ജനങ്ങളെ ഗുരുതരമായി ബാധിക്കുന്ന ഇ എസ് എ വിഷയത്തിലും വന്യജീവി ആക്രമണ പ്രശ്നങ്ങളിലും സർക്കാരുകളും രാഷ്ട്രീയ പാർട്ടികളും സ്വീകരിക്കുന്ന ജനവിരുദ്ധ നയങ്ങൾക്കെതിരെയുള്ള പൊതു വികാരം വരും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് കത്തോലിക്ക കോൺഗ്രസ്.
 
വന്യമൃഗ ആക്രമണത്തിൽ കേരളത്തിൽ നിരവധി ആളുകൾ കൊല്ലപ്പെട്ടിട്ടും സർക്കാരുകളും പ്രതിപക്ഷവും സ്വീകരിക്കുന്ന നിലപാടുകൾ അതീവ കുറ്റകരമാണ്. സംസ്ഥാന വനം വകുപ്പ് ജനങ്ങളെ വെല്ലുവിളിക്കുന്നു.1972 ലെ നിയമമനുസരിച്ച് ജീവന് ഭീഷണിയാകുന്ന വന്യമൃഗങ്ങളെ കൊല്ലാൻ ജനങ്ങൾക്ക് അധികാരമുണ്ടായിരിക്കെ,വനം വകുപ്പ് അധികൃതരുടെ നിസംഗത എന്തിന് വേണ്ടിയാണെന്ന് സർക്കാർ വ്യക്തമാക്കണം.സ്വയരക്ഷക്ക് വേണ്ടി വന്യമൃഗങ്ങളെ പ്രതിരോധിക്കുന്നവരെ പോലും കേസിൽ കുടുക്കി അറസ്ററ് ചെയ്യുന്നതും മർദ്ദിക്കുന്നതും ഭീഷണിപ്പെടുത്തുന്നതും സർക്കാർ ഒത്താശയോടെയാണ്.വനം വിസ്തൃതി വർദ്ധിപ്പിക്കാൻ കർഷകരെ കുടിയൊഴിപ്പിക്കാനുള്ള ഗൂഢനീക്കം പൊതു സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞു.
 
ഇ എസ് എ തിരുത്തൽ റിപ്പോർട്ട് തയ്യാറാക്കുന്നതിൽ സംസ്ഥാന സർക്കാർ അലംഭാവം കാണിച്ചതിനാൽ ഇപ്പോൾ ചില സർക്കാർ ഉദ്യോഗസ്ഥ പ്രതിനിധികളെ മാത്രം വെച്ച് തിരുത്തലുകൾ നടത്തുന്നത് ജനവിരുദ്ധമാണ്. ഇ എസ് എ പരിധിയിൽ നിന്നും ജനവാസ പ്രദേശങ്ങളും കൃഷി ഭൂമിയും റവന്യു ഭൂമിയും ഒഴിവാക്കി യഥാർഥ വനവിസ്തൃതി രേഖപ്പെടുത്തണം.എന്നിട്ട് മാത്രമെ ഇ എസ് എ തിരുത്തൽ റിപ്പോർട്ട് കേന്ദ്രത്തിന് സമർപ്പിക്കാവൂ എന്ന് കത്തോലിക്ക കോൺഗ്രസ്സ് ആവശ്യപ്പെട്ടു.
 
കേരള സ്റ്റോറി എന്ന സിനിമ ബോധവൽക്കരണത്തിൻ്റെ ഭാഗമായി സഭാ വേദികളിൽ പ്രദർശിപ്പിക്കുന്നതിന് ഒരു രാഷ്ട്രീയ പാർട്ടിയുടെയും നേതാക്കളുടെയും സർട്ടിഫിക്കറ്റ് ആവശ്യമില്ലായെന്നും,സാമൂഹ്യ യാഥാർത്ഥ്യങ്ങൾ മനസിലാക്കി പ്രതികരിക്കുവാനും തിരുത്തലുകൾ വരുത്തുവാനും  അവർ തയ്യാറാകണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു