മൂവാറ്റുപുഴ നിർമല കോളേജ് വിഷയത്തിൽ ശക്തമായി ഇടപെട്ട് കത്തോലിക്ക കോൺഗ്രസ്.


കൊച്ചി : നിസ്കാരമുറി ആവശ്യപ്പെട്ടുകൊണ്ട് ഒരു സംഘം വിദ്യാർത്ഥികൾ പ്രിൻസിപ്പലിനെ ഘരാവോ ചെയ്യുവാൻ തുനിയുകയും, പ്രവർത്തനം തടസ്സപ്പെടുത്തുകയും ചെയ്ത മൂവാറ്റുപുഴ നിർമ്മല കോളേജിൽ കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ പ്രതിനിധി സംഘം പ്രസിഡണ്ട് രാജീവ് കൊച്ചുപറമ്പിലിന്‍റെ നേതൃത്വത്തിൽ സന്ദർശനം നടത്തി,കോളേജിന്റെയും മാനേജ്മെന്റിന്റെയും നിലപാടുകൾക്കും പ്രവർത്തനങ്ങൾക്കും  സമുദായത്തിന്റെ പൂർണ്ണ പിന്തുണയും ഐക്യദാർഢ്യവും പ്രഖ്യാപിച്ചു.
 
വിഭാഗീയ പ്രവർത്തനങ്ങളും കടന്നുകയറ്റവും ആരുടെ ഭാഗത്തുനിന്നും കത്തോലിക്ക വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് എതിരെ ഉണ്ടായാലും അത് സമ്നതിക്കുകയിലെന്നും ജാഗ്രതയോടും ഉത്തരവാദിത്വത്തോടും കൂടി ഇത്തരം പ്രവർത്തനങ്ങളെ നോക്കി കാണുമെന്നും കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമിതി പ്രസ്താവിച്ചു.
അനാവശ്യ ധൃവീകരണവും രാഷ്ട്രീയ സാമുദായിക ഇടപെടലും നടത്തി ക്രൈസ്തവ സ്ഥാപനങ്ങളിൽ നിലനിൽക്കുന്ന സമാധാന അന്തരീക്ഷം തകർക്കുവാനോ, ഭാരതത്തിൻറെ ഭരണഘടയിലൂടെ ലഭ്യമായിരിക്കുന്ന അവകാശങ്ങൾ വിട്ടുകൊടുക്കുവാനോ ദുർബലപ്പെടുത്താനോ അനുവദിക്കുകയില്ലെന്നും ക്രൈസ്തവ സ്ഥാപനങ്ങൾക്കെതിരെ ഉണ്ടാകുന്ന ഏത് നീക്കങ്ങളെയും ഒറ്റക്കെട്ടായി സമുദായം നേരിടുമെന്നും കത്തോലിക്ക കോൺഗ്രസ് നേതൃത്വം പ്രഖ്യാപിച്ചു.