പരിസ്ഥിതിലോല കരട് വിജ്ഞാപനം ആശങ്കാജനകം: കത്തോലിക്ക കോൺഗ്രസ്


കൊച്ചി: പരിസ്ഥിതിലോല കരട് വിജ്ഞാപനം ആശങ്കാജനകമാണെന്നും അവ്യക്തതകൾ പരിഹരിക്കുവാൻ സർക്കാരുകൾക്ക് ഉത്തരവാദിത്തമുണ്ടെന്നും കത്തോലിക്ക കോൺഗ്രസ്.ഒഴിവാക്കപ്പെട്ട വില്ലേജുകൾ ഉൾപ്പെടുത്തി ഇപ്പോൾ വിജ്ഞാപനം ഇറക്കിയതിൻ്റെ ലക്ഷ്യങ്ങൾ സംശയാസ്പദമാണ്.
 
പരിസ്ഥിതിലോല കരട് വിജ്ഞാപനത്തിൽ കൂടുതലായി   വില്ലേജുകൾ ചേർക്കപ്പെട്ടതിൻ്റെ കാരണം  സർക്കാർ വ്യക്തമാക്കണം.കരട് വിജ്ഞാപനത്തിലെ ജിയോ കോർഡിനേറ്റഡ് പ്ലാനിലെ അവ്യക്തതകൾ പരിഹരിക്കാനും, ജനവാസ മേഖലകളും കൃഷിയിടങ്ങളും ഒഴിവാക്കിയ പഞ്ചായത്ത് തല ഷേപ്പ് ഫയലുകൾ തയ്യറാക്കാനും പ്രത്യേക ഗ്രാമസഭകൾ പരിസ്ഥിതിലോല വിജ്ഞാപനത്തിൽ പെട്ട വില്ലേജുകളിൽ വിളിച്ചു കൂട്ടാൻ സർക്കാർ നിർദ്ദേശം കൊടുക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.ഓരോ പഞ്ചയത്തിലെയും ജനവാസ മേഖലകളെ ഒഴിവാക്കിയുള്ള കെ എം എൽ ഫയൽ തയ്യാറാക്കാൻ ആവശ്യമായ സാങ്കേതിക സഹായവും ഭൂപടങ്ങളും ലഭ്യമാക്കാനും സർക്കാർ തയ്യാറാകണം. അത്തരം ഫയൽ പഞ്ചായത്തുകളിലൂടെയും സന്നദ്ധ സംഘടകളിലൂടെയും പൊതുജനങ്ങൾക്ക് പ്രാപ്യമാക്കണം.കേരള സർക്കാർ മുമ്പ് ശുപാർശ ചെയ്ത ESA യിൽ 8656  ചതുരശ്ര കിലോ മീറ്റർ  91 വില്ലേജുകളിലായി ഉണ്ടായിരുന്നത് നടപ്പിലാക്കനും  നിലവിൽ ഭേദഗതികൾ വരുത്തിയ പ്ലാൻ സമർപ്പിച്ച പഞ്ചായത്തുകളുടെ പ്ലാനിൽ ആ മാറ്റം റിപ്പോർട്ടിൽ ഇല്ലായെങ്കിൽ ആ വിഷയം നിയമസഭയിലും  പാർലമെൻ്റിലും അവതരിപ്പിക്കാൻ ജനപ്രതിനിധികൾ തയ്യാറാകണം.
റീസർവ്വേ റിക്കാർഡ് ഡിജിറ്റലൈസ് ചെയ്ത സ്ഥലങ്ങളിൽ റീ സർവ്വേ പ്ലാൻ ജിയോ കോർഡിനേഷൻ പ്ലാനുമായി സാങ്കേതികമായി ഒന്നിപ്പിച്ചാൽ ജനവാസ മേഖലകൾ കണ്ടു പിടിക്കൽ നടപടി എളുപ്പമാക്കുമെന്നും, അതില്ലാതെ പ്രകൃതി ദുരന്തങ്ങൾ വരുമ്പോൾ മലയോര മേഖലയെ പ്രതിക്കൂട്ടിൽ നിറുത്തി അതിൻ്റെ മറവിൽ പുറത്തിറക്കുന്ന ഗൂഢ വിജ്ഞാപനങ്ങൾ റദ്ദ് ചെയ്യണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.