സഭയെ ശിഥിലമാക്കി സമുദായത്തെ നശിപ്പിക്കാനുള്ള ഗൂഢശ്രമങ്ങള്‍ : ബിജു പറയന്നിലം
സഭയെ ശിഥിലമാക്കി സമുദായത്തെ നശിപ്പിക്കാനുള്ള ഗൂഢശ്രമങ്ങള്‍ : ബിജു പറയന്നിലം
തൊടുപുഴ : സഭാപ്രവര്‍ത്തനങ്ങളെയും കൂദാശകളെയും കളങ്കിതമാക്കി ചിത്രീകരിച്ച സഭയെ ശിഥിലമാക്കാനും അതിലൂടെ സമുദായത്തെ നശിപ്പിക്കുവാനുമുള്ള ഗൂഢശ്രമങ്ങള്‍ തിരിച്ചറിയണമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്സ് ഗ്ലോബല്‍ സമിതി പ്രസിഡന്റ് ബിജു പറയന്നിലം. തൊടുപുഴ ടൗണ്‍ പാരീഷ് ഹാളില്‍ ചേര്‍ന്ന കത്തോലിക്ക കോണ്‍ഗ്രസ്സ് മാധ്യമ സമിതി ഉദ്‌ഘാടനം ചെയ്‌ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമുദായത്തിന്റെ വളര്‍ച്ചയുടെ അടിസ്ഥാനം സഭയാണെന്നുള്ള തിരിച്ചറിവില്‍ സഭയുടെയും, സമുദായത്തിന്റെയും ശത്രുക്കള്‍ ഒറ്റപ്പെട്ട സംഭവങ്ങളെ പര്‍വ്വതീകരിച്ചും വിശ്വാസ സത്യങ്ങളെ അവഹേളിച്ചും നിരന്തര പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. എല്ലാ മതവിശ്വാസങ്ങളെയും പരസ്‌പരം ബഹുമാനിച്ച് വന്നിരുന്ന മഹത്തായ ഭാരതസംസ്‌ക്കാരം സങ്കുചിത താല്‍പ്പര്യങ്ങള്‍ക്കായി ബലി കഴിക്കാന്‍ അനുവദിക്കരുത്. ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ മതസൗഹാര്‍ദ്ദ പ്രവര്‍ത്തനങ്ങള്‍ക്ക് കത്തോലിക്ക കോണ്‍ഗ്രസ്സ് ഊന്നല്‍ നല്‍കുമെന്നും പ്രസിഡന്റ് പറഞ്ഞു.
സമ്മേളനത്തെ അഭിസംബോധന ചെയ്‌തുകൊണ്ട് കോതമംഗലം രൂപതാ പ്രസിഡന്റ് ഐപ്പച്ചന്‍ തടിക്കാട്ട്, എറണാകുളം -അങ്കമാലി അതിരൂപതാ പ്രസിഡന്റ് ഫ്രാന്‍സിസ് മൂലന്‍, കാഞ്ഞിരപ്പള്ളി രൂപതാ പ്രസിഡന്റ് ജോമി കൊച്ചുപറമ്പില്‍, ടൗണ്‍ പള്ളിവികാരി ഫാ. ജിയോ തടിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു. മാധ്യമങ്ങളുടെ സ്വാധീനം എന്ന വിഷയത്തില്‍ മാധ്യമസമിതി സംസ്ഥാന കോ-ഓര്‍ഡിനേറ്റര്‍ ബെന്നി ആന്റണി ക്ലാസ്സ് നയിച്ചു. സംസ്ഥാന സെക്രട്ടറി ഡോ. ജോസുകുട്ടി ജെ ഒഴുകയില്‍ മോഡറേറ്ററായ ചര്‍ച്ചയില്‍ ഫാ. ജോണ്‍ പീച്ചാപ്പിള്ളില്‍, മാധ്യമസമിതി കണ്‍വീനര്‍ ജോണ്‍ മുണ്ടന്‍കാവില്‍, സജി മൈലാടി എന്നിവര്‍ പ്രസംഗിച്ചു.