Pala
മാർ പുന്നക്കോട്ടിലിന് എതിരായ വനം വകുപ്പ് കേസ് അപലപനീയം : കത്തോലിക്ക കോൺഗ്രസ്.
കൊച്ചി : നൂറ്റാണ്ടുകളായി നിലവിലുള്ള ആലുവ - മൂന്നാർ രാജ പാതയിലൂടെ യാത്ര അനുവദിക്കണമെന്നാവശ്യപ്പെട്ടു കൊണ്ടുള്ള പൊതുജന മുന്നേറ്റ യാത്രയിൽ പങ്കെടുത്തു എന്ന പേരിൽ മാർ ജോർജ് പുന്നക്കോട്ടിലിനെതിരെ എടുത്ത കേസ് അധികാര ദുർവിനിയോഗവും,അങ്ങേയറ്റം അപലപനീയവുമാണെന്ന് കത്തോലിക്ക കോൺഗ്രസ്.
വന നിയമത്തിൻ്റെ പേരിൽ പ്രതിഷേധിക്കാനുള്ള മനുഷ്യൻ്റെ മൗലിക അവകാശം പോലും നിഷേധിക്കുന്ന വനം വകുപ്പ് അപ്രഖ്യാപിത അടിയന്തിരാവസ്ഥ നാട്ടിൽ പ്രഖ്യാപിച്ചിരിക്കുകയാണ്.
നൂറ്റാണ്ടുകൾക്ക് മുമ്പുള്ള പാത കാടാണ് എന്ന് പറയുന്ന വനം വകുപ്പ് മനുഷ്യൻ്റെ ജീവിക്കാനുള്ള അവകാശങ്ങളിൽ കടന്നു കയറുകയാണ്.കേരളത്തിൽ ഫോറസ്റ്റ് രാജ് നടപ്പാക്കാൻ അനുവദിക്കില്ല.വനം വകുപ്പിനെ സർക്കാർ നിയന്ത്രിക്കണം. മുഖ്യമന്ത്രി ഇടപെടൽ നടത്തണം. കേസെടുക്കുന്നതിൽ നിന്ന് വനം വകുപ്പ് പിൻമാറണം . ജനകീയ സമരത്തിൻ്റെ ഭാഗമായ മാർ ജോർജ് പുന്നക്കോട്ടിൽ പിതാവിൻ്റെ പേരിൽ കേസ് എടുത്ത് പൊതുജന വേട്ടയ്ക്കായി ഇറങ്ങുന്ന വനം വകുപ്പ് ജനവിരുദ്ധ നടപടിയുമായി മുന്നോട്ട് പോയാൽ കത്തോലിക്ക കോൺഗ്രസ് തെരുവിറങ്ങി സമരം ചെയ്യും.നാട്ടിലിറക്കുന്ന വന്യമൃഗങ്ങളിൽ നിന്ന് മനുഷ്യനെ രക്ഷിക്കാനാവാത്ത വനം വകുപ്പ് പിരിച്ചു വിടണം എന്നും നിരപരാധികൾക്ക് എതിരെ കള്ളക്കേസ് എടുക്കുന്ന വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് എതിരെ നടപടി എടുക്കണം എന്നും കത്തോലിക്ക കോൺഗ്രസ് പറഞ്ഞു.മൂന്നാർ രാജപാത പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കണമെന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
കത്തോലിക്ക കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സമരം ഗ്ലോബൽ പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. പാലാ രൂപത ഡയറക്ടർ റവ ഡോ ജോർജ് വർഗീസ് ഞാറക്കുന്നേൽ മുഖ്യപ്രഭാഷണം നടത്തിയ ധർണ്ണയിൽ ജനറൽ സെക്രട്ടറി ഡോ. ജോസ്കുട്ടി ജെ ഒഴുകയിൽ , പാലാ രൂപത പ്രസിഡൻ്റ് ഇമ്മാനുവൽ നിധീരി , ഭാരവാഹികളായ രാജേഷ് ജോൺ , ബെന്നി ആൻ്റണി , ജോയ്സ് മേരി ആൻ്റണി , ആൻസമ്മ സാബു , അഡ്വ. മനു വരാപ്പള്ളി , ജോസ് വട്ടുകുളം , ജോയ് കണി പറമ്പിൽ , രാജേഷ് പാറയിൽ , ബെന്നി കിണറ്റുകര തുടങ്ങിയവർ പ്രസംഗിച്ചു.
മാർ ജോർജ് പുന്നക്കോട്ടിലിനെതിരെ വനം വകുപ്പ് അന്യായമായി കേസെടുത്തതിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം പ്രസിഡൻ്റ് പ്രൊഫ . രാജീവ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു.അഡ്വ. മനു ജെ വരാപ്പള്ളി, ബെന്നി ആൻ്റണി, ഇമ്മാനുവൽ നിധീരി , ഡോ . ജോസ്കുട്ടി ജെ ഒഴുകയിൽ , ജോയ്സ് മേരി ആൻ്റണി , ഫാ. ജോർജ് വർഗീസ് ഞാറക്കുന്നേൽ , ആൻസമ്മ സാബു, രാജേഷ് ജോൺ തുടങ്ങിയവർ സമീപം