2025
KOCHI
സമകാലിക സാഹചര്യത്തിൽ കത്തോലിക്ക സമുദായത്തിൻ്റെ രാഷ്ട്രീയ സാമൂഹിക വക്താക്കൾ കത്തോലിക്ക കോൺഗ്രസ് എന്ന് സീറോ മലബാർ സഭയുടെ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ. കത്തോലിക്ക കോൺഗ്രസ് ഗ്ലോബൽ സമതിയുടെ 2024-27 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങ് കാക്കനാടുള്ള സീറോ മലബാർ സഭാ ആസ്ഥാനമായ മൗണ്ട് സെൻ്റ് തോമസിൽ വച്ച് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനം ഒഴിഞ്ഞ ഗ്ലോബൽ പ്രസിഡൻ്റ് അഡ്വ. ബിജുപറയന്നിലത്തിൻ്റെ നേതൃത്വത്തിൽ ആഗോള തലത്തിൽ സംഘടന നടത്തിയ മുന്നേറ്റത്തിന് ഊർജ്ജം കൂട്ടുവാൻ രാജീവ് കൊച്ചുപറമ്പിലിൻ്റെ നേതൃത്വത്തിലുള്ള പുതിയ സമതിയ്ക്ക് കഴിയണം എന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. സംഘടന കരുതലും സ്നേഹവും പകർന്ന് നൽകിയപ്പോൾ ലോകമെങ്ങുമുള്ള സമുദായ നേതാക്കൾ കത്തോലിക്ക കോൺഗ്രസിൻ്റെ കൂടെ അണി നിരന്നു എന്ന് അദ്ധ്യക്ഷ പ്രസംഗം നടത്തിയ അഡ്വ. ബിജു പറയന്നിലം പറഞ്ഞു. കത്തോലിക്ക കോൺഗ്രസ് ബിഷപ്പ് ലെഗേറ്റ് മാർ റെമിജിയൂസ് ഇഞ്ചനാനിയിൽ സമ്മേളനത്തിൽ മുഖ്യ സന്ദേശം നൽകി. വിദേശ കുടിയേറ്റം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്രവാസി സമൂഹത്തിൻ്റെ ഇടയിൽ പ്രത്യേകിച്ച് ഗൾഫ് മേഖലയിൽ കത്തോലിക്ക കോൺഗ്രസ് പ്രവർത്തനം സംഘടിത രീതിയിൽ ക്രമീകരിക്കണം എന്ന് അദ്ദേഹം പറഞ്ഞു.