2025
Idukki
കൊച്ചി :ഛത്തിസ്ഗഡിന് പുറകെ ഒഡീസയിൽ വൈദികർക്കും ക്രൈസ്തവ സന്യസ്തർക്കും നേരെ നടന്ന ബജ്റംഗ്ദൾ ആക്രമം സർക്കാർ സ്പോൺസേർഡ് അക്രമം എന്ന് കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി. സംഭവത്തിൽ കത്തോലിക്ക കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ ജ്വാല സമരം ഇടുക്കിയിൽ ഗ്ലോബൽ പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
രാജ്യത്ത് ഹൈന്ദവ - ക്രൈസ്തവ സംഘർഷം ഉണ്ടാക്കാൻ തീവ്രവാദ ഗ്രൂപ്പുകൾ ശ്രമിക്കുന്നു.ഇത്തരം സംഭവങ്ങൾ നിരവധി ഉണ്ടായിട്ടും ആക്രമികളെ അഴിഞ്ഞാടാൻ അനുവദിക്കുന്നത് ദേശവിരുദ്ധതയാണ്.രാജ്യത്തെ ആദിവാസികൾക്കും പിന്നോക്കക്കാർക്കും വിദ്യാഭ്യാസവും നല്ല ജീവിത സാഹചര്യവും ലഭിക്കുന്നതിൽ എതിർപ്പുകളുള്ളവരാണ് മതപരിവർത്തനം ആരോപിച്ച് അക്രമം അഴിച്ചു വിടുന്നത്.അധികാരത്തിൻ്റെ തണലിൽ ഭരണഘടന ഉറപ്പുനൽകുന്ന അവകാശങ്ങൾ അട്ടിമറിക്കുന്ന സ്ഥിതി രാജ്യത്തുള്ളത് അംഗീകരിക്കാനാവില്ല.മത സ്വാതന്ത്ര്യം മാത്രമല്ല മനുഷ്യൻ്റെ സഞ്ചാര സ്വാതന്ത്ര്യം പോലും നഷ്ടമാവുകയും ജീവിക്കാൻ സാധിക്കാതെ വരുകയും ചെയ്യുന്ന സാഹചര്യങ്ങളാണ് ഒഡീസയിലും വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിലും ഉള്ളത്. പരസ്യ കൊലവിളികൾ നടത്തി ഭീക്ഷണിയിലൂടെയും അക്രമത്തിലൂടെയും കള്ളക്കേസുകളിലൂടെയും ക്രൈസ്തവ സമൂഹത്തെ ഇല്ലാതാക്കാനുള്ള ബജ്റംങ്ങ്ദൾ നേതൃത്വത്തിലുള്ള ഭീകരതകൾ തുടച്ചു നീക്കണം.പരസ്യ അക്രമത്തിൽ കേസ് പോലും ചാർജ് ചെയ്യാത്ത ഒഡീസ സർക്കാരിന് ഭരിക്കാനുള്ള അവകാശം തന്നെ ഇല്ലാതായിരിക്കുന്നു.ഭരണഘടനെ തടങ്കലിലാക്കുന്ന ഇത്തരം സർക്കാരുകൾക്ക് എതിരെ കേന്ദ്ര സർക്കാർ നടപടി എടുക്കണം എന്നും അക്രമികളെ അറസ്റ്റ് ചെയ്യണമെന്നും കത്തോലിക്ക കോൺഗ്രസ് അവശ്യപ്പെട്ടു.ഭീക്ഷണിപ്പെടുത്തി വിശ്വാസം ഉപേക്ഷിപ്പിക്കാനാണ് ശ്രമിക്കുന്നതെങ്കിൽ അത് നടക്കില്ല എന്നും കത്തോലിക്ക കോൺഗ്രസ് പറഞ്ഞു.നടപടികൾ ഇല്ലായെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുവാൻ കത്തോലിക്ക കോൺഗ്രസ് തീരുമാനിച്ചു.
ഇടുക്കിയിൽ നടന്ന പ്രതിഷേധ ജ്വാലയിൽ ഗ്ലോബൽ ജന സെക്രട്ടറി ഡോ ജോസ്കുട്ടി ഒഴുകയിൽ, വൈസ് പ്രസിഡന്റ് ഡോ കെ എം ഫ്രാൻസിസ്, ഇടുക്കി രൂപത പ്രസിഡന്റ് ജോർജ് കോയിക്കൻ, ഡയറക്ടർ ഫാ ഫ്രാൻസിസ് ഇടവക്കണ്ടം, സെക്രട്ടറി സിജോ ഇലന്തൂർ, ജോർജ്കുട്ടി പുന്നക്കുഴി എന്നിവർ നേതൃത്വം നൽകി.
ഒഡീസ സംഭവത്തിൽ പ്രതിഷേധിച്ച് കത്തോലിക്ക കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധ ജ്വാല സമരം ഗ്ലോബൽ പ്രസിഡന്റ് പ്രൊഫ രാജീവ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്യുന്നു