2025
KOCHI
കൊച്ചി : കത്തോലിക്ക കോൺഗ്രസിൻറെ നേതൃത്വത്തിൽ വിവിധ ജനകീയ ആവശ്യങ്ങൾ ഉന്നയിച്ച് ഒക്റ്റോബർ 13 മുതൽ 24 വരെ കാസർകോഡ് മുതൽ തിരുവനന്തപുരം വരെ പ്രസിഡൻ്റ് പ്രൊഫ.രാജീവ് കൊച്ചുപറമ്പിൽ നയിക്കുന്ന 'അവകാശ സംരക്ഷണ യാത്ര' നടത്തും.ഒക്ടോബർ 13 ന് ജാഥ കാസർകോഡ് ജില്ലയിലെ പാണത്തൂരിൽ ആർച്ച് ബിഷപ്പ് മാർ ജോസഫ് പാമ്പ്ലാനി ഉത്ഘാടനം ചെയ്യും.ബിഷപ്പ് ലഗേറ്റ് മാർ റെമിജിയുസ് ഇഞ്ചനാനി യാത്ര ഫ്ലാഗ് ഓഫ് ചെയ്യും.ജാഥ കടന്നു വരുന്ന സ്ഥലങ്ങളിൽ വിവിധ രൂപത മെത്രാൻമാർ,സമുദായ - സാമൂഹ്യ നേതാക്കന്മാർ തുടങ്ങിയവർ പങ്കെടുക്കും.
'നീതി ഔദാര്യമല്ല അവകാശമാണ്' എന്ന മുദ്രാവാക്യവുമായി, രാജ്യത്തിന്റെ ഭരണഘടനയും മതേതരത്വവും സംരക്ഷിക്കുക,ജെ.ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിച്ച് നടപ്പിലാക്കുക,വന്യമൃഗ ആക്രമണം ശാശ്വതമായി പരിഹരിക്കുക, നെല്ല്,റബ്ബർ ഉൾപ്പെടെ കാർഷികോൽപ്പന്നങ്ങൾക്ക് ന്യായവില ലഭ്യമാക്കുക, വിദ്യാഭ്യാസ - ന്യൂനപക്ഷ രംഗങ്ങളിലെ അവഗണനകളും കടന്നുകയറ്റവും അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് അവകാശ സംരക്ഷണ യാത്ര നടത്തുന്നത്.കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ,രൂപത ഭാരവാഹികൾ നേതൃത്വം നൽകുന്ന ജാഥയ്ക്ക് 14 ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ സ്വീകരണങ്ങൾ നൽകും. ഒക്ടോബർ 24 ന് തിരുവനന്തപുരം സെക്രട്ടറിയേറ്റിലേക്ക് നടക്കുന്ന വമ്പിച്ച പ്രകടനത്തോടെ ജാഥ സമാപിക്കും.ജനകീയ ആവശ്യങ്ങളോട് രാഷ്ട്രീയ പാർട്ടികൾ സ്വീകരിക്കുന്ന അവഗണനകളും ഇരട്ടത്താപ്പും ചർച്ചാ വിഷയമാകും.നാളുകളായി ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാകുന്നില്ലായെങ്കിൽ തദ്ദേശ - നിയമസഭാ തിരഞ്ഞെടുപ്പുകളിൽ ശക്തമായ നിലപാട് എടുക്കുവാൻ നിർബന്ധിതരാകുമെന്ന് കത്തോലിക്ക കോൺഗ്രസ് നേതൃത്വം പ്രസ്താവിച്ചു.
ഒരു വ്യക്തിയുടെ ജീവനും സ്വത്തിനും വിദ്യാഭ്യാസം നേടാനുമുള്ള അവകാശം, ഇഷ്ടമുള്ള മതം സ്വീകരിക്കുവാനും സ്വന്തം മതം ഉപേക്ഷിക്കാനുള്ള അവകാശം തുടങ്ങിയ മൗലിക അവകാശങ്ങളിൽ കടന്നു കയറാനുള്ള ശ്രമം അവസാനിപ്പിക്കണം.വനമേഖലയോട് ചേർന്ന് പ്രദേശങ്ങളിൽ കൃഷി ചെയ്യുന്ന കർഷകർ വന്യമൃഗ ശല്യം മൂലവും തെറ്റായ വന നിയമങ്ങൾ മൂലവും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ തെറ്റായ നടപടികൾ മൂലവും കർഷകർ ആല്മഹത്യാ മുനമ്പിലാണ്.തൊഴിൽ ചെയ്ത് ജീവിക്കാനുള്ള കർഷകരുടെ മൗലികാവകാശത്തെ ലംഘിക്കുന്ന വിധത്തിൽ സർക്കാരുകൾ നിയമങ്ങൾ നിർമ്മിക്കുന്നു. റബ്ബറിന് 250 രൂപ തറവില നൽകുമെന്ന സർക്കാർ വാഗ്ദാനം പാലിക്കണം. നെല്ല് സംഭരണം കർഷകരിൽ നിന്നും നടത്തി നേരിട്ട് വില നൽകണം.ജെ ബി കോശി കമ്മീഷൻ റിപ്പോർട്ട് പൂഴ്ത്തി വെക്കാതെ അവ പ്രസിദ്ധീകരിക്കണം.ഭിന്ന ശേഷി സംവരണത്തിന്റെ മറവിൽ അർഹരായ അധ്യാപക നിയമനം തടഞ്ഞു വെക്കുന്ന സർക്കാർ നടപടികൾ തിരുത്തണം. സഭാധ്യക്ഷന്മാരെ അവഹേളിക്കുന്ന മന്ത്രിമാർ മാപ്പ് പറയണമെന്ന് കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.
ഡയറക്ടർ ഫാ.ഫിലിപ്പ് കവിയിൽ, ജനറൽ സെക്രട്ടറി ഡോ ജോസ്കുട്ടി ജെ ഒഴുകയിൽ,ട്രഷറർ അഡ്വ. ടോണി പുഞ്ചകുന്നേൽ, ഭാരവാഹികളായ ഡോ.കെ.എം. ഫ്രാൻസിസ്,ബെന്നി ആന്റണി,ട്രീസ ലിസ് സെബാസ്റ്റ്യൻ,രാജേഷ് ജോൺ,ജോർജ് കോയിക്കൽ,ബിജു സെബാസ്റ്റ്യൻ,ഫിലിപ്പ് വെളിയത്ത്,അഡ്വ മനു വരാപ്പള്ളി തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ രൂപീകരിച്ച് ക്രമീകരണങ്ങൾ നടന്നു വരുന്നതായി സംഘാടക സമിതി അറിയിച്ചു.
yathra main poster.jpg