Catholic Congress Updates

MAR

08

2026

Kochi

കത്തോലിക്ക കോൺഗ്രസ് പതാകദിനാചരണം മാർച്ച് 8 ന്

കത്തോലിക്ക കോൺഗ്രസ് പതാകദിനാചരണം മാർച്ച് 8 ന് . കൊച്ചി - കത്തോലിക്ക കോൺഗ്രസ് 108-ാം ജന്മവാർഷികത്തോടനുബന്ധിച്ച് മാർച്ച് 8 ഞായർ പതാക ദിനമായി ആചരിക്കും . സമുദായ ശാക്തീകരണത്തിനും, കർഷക അവകാശങ്ങൾ നേടുന്നതിനും , ജനാതിപത്യ അവകാശങ്ങൾക്ക് വേണ്ടിയും ഈ കാലങ്ങളിലെല്ലാം കത്തോലിക്ക കോൺഗ്രസ് തികഞ്ഞ പോരാട്ടത്തിലായിരുന്നു . മുൻപെങ്ങുമില്ലാത്ത രീതിയിൽ വന്യജീവി ആക്രമണം അതിരൂക്ഷമായി ജനങ്ങൾ കൊല്ലപ്പെടുമ്പോഴും വസ്തുവകകൾ നശിപ്പിക്കപ്പെടുമ്പോഴും നിയമനിർമ്മാണം നടത്തി ജനങ്ങൾക്ക് സുരക്ഷ നൽകുന്നതിന് തയ്യാറാകാതെ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നിസ്സംഗത കാണിച്ചു കൊണ്ടിരിക്കുന്നു . കാർഷിക മേഖലക്ക് അർഹമായ പ്രാതിനിധ്യവും ആനുകൂല്യങ്ങളും നിഷേധിക്കുന്നു . നെൽ കർഷകരുടേയും , റബ്ബർ കർഷകരുടേയും പ്രതിസന്ധികൾക്കും പരിഹാരം ഉണ്ടാക്കിയിട്ടില്ല . ഈ സാഹചര്യത്തിൽ ജനകീയ പ്രശ്നങ്ങൾക്ക് പരിഹാരം കൂടി ആവശ്യപ്പെട്ടു കൊണ്ടാണ് കത്തോലിക്ക കോൺഗ്രസിൻ്റെ നേതൃത്വത്തിൽ 108-ാം ജന്മവാർഷിക ആഘോഷങ്ങൾ നടക്കുന്നതും അതിന് മുന്നോടിയായി "സമുദായ ശാക്തീകരണം രാഷ്ട്ര പുരോഗതിക്ക് " എന്ന മുദ്രാവാക്യം ഉയർത്തിക്കൊണ്ട് പതാക ദിനം ആചരിക്കുന്നത് . പതാക ദിനാചരണത്തിൻ്റെ ഭാഗമായി യൂണിറ്റ് കേന്ദ്രങ്ങളിൽ പ്രസിഡൻ്റുമാർ പതാക ഉയർത്തുകയും അതോടനുബന്ധിച്ച് യോഗങ്ങൾ സംഘടിപ്പിക്കുകയും ചെയ്യും . പതാക ദിനാചരണത്തിൻ്റെ സംസ്ഥാന തല ഉദ്ഘാടനം ഗ്ലോബൽ പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിൽ നിർവ്വഹിക്കും . കേന്ദ്ര - രൂപത ഭാരവാഹികൾ വിവിധ മേഖലകളിൽ നേതൃത്വം നൽകുമെന്ന് കത്തോലിക്ക കോൺഗ്രസ് ഭാരവാഹികൾ അറിയിച്ചു.

Share This On

EmailEmail

FacebookFacebook

TwitterTwitter

WhatsappWhatsapp

Linked InLinked In

TelegramTelegram