Catholic Congress Updates

JUL

30

2025

KOCHI

കന്യാസ്ത്രീകളെ മനുഷ്യക്കടത്തുകാരായി ചിത്രീകരിക്കുന്നത് രാഷ്ട്രീയ അജണ്ട :സമരം ശക്തമാക്കാൻ കത്തോലിക്ക കോൺഗ്രസ്

കന്യാസ്ത്രീകളെ മനുഷ്യക്കടത്തുകാരായി ചിത്രീകരിക്കുന്നത് രാഷ്ട്രീയ അജണ്ട :സമരം ശക്തമാക്കാൻ കത്തോലിക്ക കോൺഗ്രസ്.

കൊച്ചി : സർക്കാർ സേവനം എത്തിക്കാൻ സാധിക്കാത്ത മേഖലയിൽ പോലും സേവനം ചെയ്യുന്ന കന്യാസ്ത്രീകളെ മനുഷ്യക്കടത്തുകാരായി ചിത്രീകരിക്കുന്നത് നിയമവിരുദ്ധവും രാഷ്ട്രീയ അജണ്ടയുടെ ഭാഗവുമെന്ന് കത്തോലിക്ക കോൺഗ്രസ്.സംസ്ഥാനം ഭരിക്കുന്ന സർക്കാരും രാഷ്ട്രീയ പാർട്ടിയും സമാധാനം പറയണമെന്ന് കത്തോലിക്ക കോൺഗ്രസ്‌ ആവശ്യപ്പെട്ടു.നീതി ലഭിക്കും വരെ സമരം ശക്തമാക്കാൻ കത്തോലിക്ക കോൺഗ്രസ് തീരുമാനിച്ചു.

ജോലിയ്ക്കായി ആളുകളെ കൊണ്ടു പോകുന്നത് മനുഷ്യക്കടത്ത് അല്ല എന്ന് കേരളത്തിൽ രജിസ്റ്റർ ചെയ്ത സമാന കേസിൽ കോടതി വ്യക്തമാക്കിയിട്ടുണ്ട്.എന്നാൽ കൂടെ ഒരാളെ കൊണ്ടുനടന്നാൽ പോലും മനുഷ്യക്കടത്തിന് കേസെടുക്കുന്ന സ്ഥിതിയാണ് നിലവിൽ ഉള്ളത്.മനുഷ്യക്കടത്തിൻ്റെ വകുപ്പ് ഇട്ടു എന്ന പേരിൽ എൻ ഐ എ കോടതി വിധി പറയേണ്ട സ്ഥിതിയിലേക്ക് ഛത്തിസ്ഗഡിലെ സിസ്റ്റേഴ്സിൻ്റെ അറസ്റ്റ് മാറി എന്നത് ആശങ്കാജനകമാണ്.ഇതിന്റെ പിന്നിൽ വർഗീയ രാഷ്ട്രീയ പോലീസ് ഗൂഡാലോചനയുണ്ട് എന്ന് വ്യക്തമാണ്.രാജ്യത്തിന് വേണ്ടി സേവനം ചെയ്യുന്നവർ രാജ്യദ്രോഹിളായി ചിത്രീകരിക്കാൻ ശ്രമം നടക്കുന്നത് അന്യായമാണ്. സിസ്റ്റേഴ്സ് അന്യായമായി ജയിലിൽ പീഡിപ്പിക്കപ്പെടുന്നത് ന്യായീകരിക്കാനാവില്ല.നീതി തേടി കോടതി മുമ്പാകെ എത്തുമ്പോൾ പുറത്ത് ജാമ്യം കൊടുക്കരുത് എന്ന് പറഞ്ഞ് പ്രകടനം നടത്തുന്ന രാഷ്ട്രീയ വങ്കത്തരം നിയമ വ്യവസ്ഥ നിലനിൽക്കുന്ന ഒരു രാജ്യത്തിന് ഭൂഷണമല്ലന്നും,തീവ്ര ഗ്രൂപ്പുകളെ സർക്കാർ നിയന്ത്രിക്കാത്തത് നിയമലംഘനമാണെന്നും, നിയമവിരുദ്ധമായി തടവിലാക്കപ്പെട്ട സിസ്റ്റേഴ്സിന് ജാമ്യം ലഭ്യമാക്കാൻ വിവിധ സർക്കാരുകൾ ഇടപെടുകയും ചെയ്യണം എന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.

സാമാന്യനീതി പകരാത്ത ചില നിയമ പരിഷ്കരണത്തിൻ്റെ പേരിൽ നിരപരാധികൾക്ക് ജാമ്യം നിഷേധിക്കപ്പെടുന്ന സാഹചര്യത്തിൽ ഇത്തരം നിയമങ്ങൾ പൊളിച്ചെഴുതാൻ നിയമ നിർമ്മാണസഭകൾ തയ്യാറാകണം എന്നും കത്തോലിക്ക കോൺഗ്രസ് പറഞ്ഞു.സിസ്റ്റേഴ്സിൻ്റെ അറസ്റ്റ് രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഉപയോഗിക്കാതെ അനീതി പകരുന്ന നിയമം പരിഷ്കരിക്കാൻ എല്ലാ പാർട്ടികളും ഒരുമിക്കണം എന്നും കത്തോലിക്ക കോൺഗ്രസ് ആവശ്യപ്പെട്ടു.

പ്രസിഡന്റ്‌ പ്രൊഫ രാജീവ്‌ ജോസഫ് അധ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ഫാ ഡോ ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നിർവഹിച്ചു. ജന സെക്രട്ടറി ഡോ ജോസ്കുട്ടി ഒഴുകയിൽ, ട്രെഷറർ അഡ്വ ടോണി പുഞ്ചക്കുന്നേൽ, ഭാരവാഹികളായ പ്രൊഫ കെ എം ഫ്രാൻസിസ്, രാജേഷ് ജോൺ, ബെന്നി ആന്റണി, ട്രീസ ലിസ് സെബാസ്റ്റ്യൻ, തോമസ് ആന്റണി, തമ്പി എരുമേലിക്കര, ജോമി ഡോമിനിക്, ഡോ കെ പി സാജു, അഡ്വ മനു വരാപ്പള്ളി എന്നിവർ പ്രസംഗിച്ചു.

Share This On

EmailEmail

FacebookFacebook

TwitterTwitter

WhatsappWhatsapp

Linked InLinked In

TelegramTelegram