Catholic Congress Updates

AUG

26

2025

All Kerala

അദ്ധ്യാപക നിയമനാംഗീകാരം സർക്കാർ നിലപാട് തിരുത്തണം : കത്തോലിക്ക കോൺഗ്രസ്.

അദ്ധ്യാപക നിയമനാംഗീകാരം സർക്കാർ നിലപാട് തിരുത്തണം : കത്തോലിക്ക കോൺഗ്രസ്.

കൊച്ചി : ഭിന്നശേഷി സംവരണത്തിന്റെ മറവിൽ അർഹരായ അധ്യാപകർക്ക് നിയമന അംഗീകാരം നൽകാത്ത കേരള സർക്കാർ നിലപാട് പ്രതിഷേധാർഹമാണെന്നും സർക്കാർ നയം തിരുത്തണമെന്നും കത്തോലിക്ക കോൺഗ്രസ്‌ ആവശ്യപ്പെട്ടു.

ആവശ്യത്തിന് ഉദ്യോഗാർത്ഥികൾ ഇല്ലാത്തതിനാൽ ഭിന്നശേഷി സംവരണം നടപ്പാക്കാൻ കഴിയാത്ത സാഹചര്യമാണ് കേരളത്തിൽ നിലനിൽക്കുന്നത്.ഈ വസ്തുത തിരിച്ചറിഞ്ഞുകൊണ്ട് ക്രൈസ്തവ മാനേജ്മെൻ്റുകൾക്ക് കീഴിലുള്ള വിദ്യാലയങ്ങളിൽ അർഹരായ അധ്യാപകർക്ക് നിയമനം നൽകണം. ഭിന്നശേഷി സംവരണത്തിന് ആവശ്യമായ ഉദ്യോഗാർത്ഥികൾ ഇല്ലാതിരിക്കെ ഭിന്നശേഷി സംവരണം അനുസരിച്ചുള്ള നിയമനം നടത്തിയെങ്കിൽ മാത്രമേ അദ്ധ്യാപകർക്ക് നിയമനാംഗീകാരം നൽകുകയുള്ളൂ എന്നുള്ളത് യഥാർത്ഥത്തിൽ സംസ്ഥാനത്തിൻ്റെ വിദ്യാഭ്യാസ മേഖലയെ തന്നെ താറുമാറാക്കുന്നതിന് തുല്യമായ തീരുമാനമാണ്.സ്കൂളുകൾ പ്രവർത്തിക്കണമെങ്കിൽ അദ്ധ്യാപകർ ഉണ്ടായിരിക്കണമെങ്കിലും,അദ്ധ്യാപകർക്ക് ശമ്പളം കൊടുക്കേണ്ടതാണെന്ന വിവരം അറിയാത്തവരല്ല കേരളത്തിലെ വിദ്യാഭ്യാസ വിദഗ്ദന്മാർ.എന്നാൽ എഴും എട്ടും വർഷങ്ങളായി ഭിന്നശേഷി സംവരണത്തിൻ്റെ പേരിൽ ശമ്പളം ഇല്ലാതെ ജോലി ചെയ്യുന്ന അദ്ധ്യാപകരുടേയും അവരെ ആശ്രയിച്ച് ജീവിക്കുന്ന കുടുംബാംഗങ്ങളുടേയും അവസ്ഥ,മാനവികതയുടെ പേരിലും മനുഷ്യത്വത്തിൻ്റെ പേരിലും മനസ്സിലാക്കുവാൻ ഗവൺമെൻ്റ് തയ്യാറാകണം.ഇക്കാര്യത്തിൽ നിയമപരമായ പിടിവാശി എന്ന് പറയുന്നത് യഥാർത്ഥത്തിൽ ഒരു ദുർവാശി ആയിട്ട് മാത്രമേ കാണാൻ കഴിയുകയുള്ളൂ.ഇത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്.2025 ജൂലൈ 31 ലെ സംസ്ഥാന സർക്കാർ ഇറക്കിയിരിക്കുന്ന ഉത്തരവ് പിൻവലിക്കുകയും വിദ്യാഭ്യാസ വകുപ്പിൻ്റെ വിവേചനപരമായ നയസമീപനങ്ങൾ ഉപേക്ഷിക്കുകയും ചെയ്യണം.ഭാവിയിൽ ഉണ്ടാവുന്ന ഒഴിവുകളിൽ ഭിന്നശേഷി സംവരണം അനുസരിച്ചുള്ള നിയമനങ്ങൾ പൂർത്തിയാകുന്നത് വരെ,ഉദ്യോഗാർത്ഥികളുടെ ലഭ്യത അനുസരിച്ച് സംവരണ തസ്ഥികകളിലേക്ക് നിയമനം നടത്തിക്കൊള്ളാം എന്ന് സത്യവാങ്‌മൂലം നൽകുവാൻ മാനേജ്മെൻ്റുകൾ തയ്യാറായിട്ടും നിലവിൽ ജോലി ചെയ്ത് കൊണ്ടിരിക്കുന്നവർക്ക് നിയമനാംഗീകാരം നൽകാത്തത് കടുത്ത മനുഷ്യത്വ വിരുദ്ധമായ നടപടിയാണ്.തീരുമാനങ്ങൾ പുനപരിശോധിച്ച് ഭിന്നശേഷി സംവരണത്തിൻ്റെ പേരിൽ നിയമനാംഗീകാരം തടഞ്ഞുവെച്ചിരിക്കുന്ന മുഴുവൻ പേർക്കും അത് നൽകാൻ തയ്യാറാകുന്നില്ലെങ്കിൽ സംസ്ഥാന വ്യാപകമായി ഇക്കാര്യം സംബന്ധിച്ച് പ്രചരണം നടത്തുവാനും സമരപരിപാടികൾ ആവിഷ്കരിക്കുവാനും കത്തോലിക്ക കോൺഗ്രസ് മുന്നിട്ടിറങ്ങുമെന്ന് ഭാരവാഹികൾ അറിയിച്ചു.നിയമന അംഗീകാരത്തിനായി സമരം ചെയ്യേണ്ടി വരുന്ന അധ്യാപകർക്ക് കത്തോലിക്ക കോൺഗ്രസ്‌ പൂർണ്ണ ഐക്യദാർഢ്യം പ്രഖ്യാപിച്ചു.

ഗ്ലോബൽ പ്രസിഡൻ്റ് രാജീവ് കൊച്ചുപറമ്പിൽ അദ്ധ്യക്ഷത വഹിച്ച നേതൃയോഗത്തിൽ ഡയറക്ടർ ഫാ . ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി.ജനറൽ സെക്രട്ടറി ഡോ . ജോസ്കുട്ടി ജെ ഒഴുകയിൽ,ട്രഷറർ അഡ്വ.ടോണി പുഞ്ചക്കുന്നേൽ , ഭാരവാഹികളായ പ്രൊഫ. കെ.എം ഫ്രാൻസീസ്,രാജേഷ് ജോൺ,ബെന്നി ആൻ്റണി,ട്രീസ ലിസ് സെബാസ്റ്റ്യൻ,തോമസ് ആന്റണി,ഡോ . കെ.പി. സാജു, ജേക്കബ് നിക്കോളാസ് ആൻസമ്മ സാബു, അഡ്വ ഷീജ സെബാസ്റ്റ്യൻ തുടങ്ങിയവർ പ്രസംഗിച്ചു

Share This On

EmailEmail

FacebookFacebook

TwitterTwitter

WhatsappWhatsapp

Linked InLinked In

TelegramTelegram