2025
KOCHI
കൊച്ചി : സ്കൂൾ പാഠ്യപദ്ധതി പരിഷ്കരണവും സമയക്രമവും വിവാദമാക്കി വഴി തിരിച്ചുവിട്ട് സർക്കാർ മതനിരാസം പ്രചരിപ്പിക്കാനുള്ള വേദിയായി മാറ്റുന്നുവെന്ന് കത്തോലിക്ക കോൺഗ്രസ്.സ്കൂളുകളിൽ മതപരമായ പ്രാർത്ഥനകൾ ഒഴിവാക്കുണമെന്ന് പറയുന്ന വിദ്യാഭ്യാസ മന്ത്രി മൂല്യബോധമുള്ള തലമുറയെ ഇല്ലാതാക്കാൻ ശ്രമിക്കുന്നത് അത്യന്തം അപലപനീയമാണ്.
ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ച് സർക്കാർ രൂപീകരിക്കേണ്ട നയങ്ങളിൽ വിവാദത്തിന് അനാവശ്യ സാഹചര്യം ഒരുക്കുകയും അതിന്റെ മറവിൽ പ്രാർത്ഥനകൾ ഒഴിവാക്കുവാൻ ശ്രമിക്കുകയുമാണ്.ഭരണഘടന ഉറപ്പു നൽകുന്ന ന്യൂനപക്ഷ അവകാശ പ്രകാരം,ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അവരുടെ സംസ്കാരം പ്രചരിപ്പിക്കാൻ അവകാശമുണ്ട്.ഇൻഡ്യൻ മതേതരത്വം എല്ലാ മതങ്ങളെയും അംഗീകരിക്കുന്നതാണ് എന്നിരിക്കെ,മതമില്ലാത്ത അവസ്ഥയാണ് മതേതരത്വം എന്ന് പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന സർക്കാർ, ഭരണഘടനാ ചിന്തകൾക്ക് എതിരായാണ് പ്രവർത്തിക്കുന്നത് എന്ന് കത്തോലിക്ക കോൺഗ്രസ് ചൂണ്ടിക്കാട്ടി.ക്രിസ് മസ് അവധിയും ഓണ അവധിയും എല്ലാം മതപരമായ അവധിയാണ് എന്ന് വിവാദങ്ങളിലൂടെ രഹസ്യമായി പ്രചരിപ്പിക്കുന്ന സ്ഥിതിയാണ് ഇപ്പോൾ ഉള്ളത്.വിവാദം ഉണ്ടാക്കി സ്കൂളുകളിലെ ഭരണഘടനാ പരമായ സാംസ്ക്കാരിക പ്രവർത്തനങ്ങളെ ഇല്ലാതാക്കി വർഗ്ഗീയതയ്ക്കും സമാന്തര പഠനങ്ങൾക്കും വഴി കൊടുക്കുന്ന സർക്കാർ നയം കേരളത്തെ പിന്നോട്ട് നയിക്കുമെന്നും,വിദ്യാഭ്യാസ മന്ത്രി അഭ്യസ്തവിദ്യനെ പോലെ സംസാരിക്കുകയെങ്കിലും ചെയ്യണമെന്നും കത്തോലിക്ക നേതൃയോഗം ആവശ്യപ്പെട്ടു.
പ്രസിഡന്റ് രാജീവ് കൊച്ചുപറമ്പിൽ ആദ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ഫാ ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഡോ ജോസ്കുട്ടി ഒഴുകയിൽ, ഭാരവാഹികളായ അഡ്വ ടോണി പുഞ്ചക്കുന്നേൽ, ഡോ കെ എം ഫ്രാൻസിസ്, രാജേഷ് ജോൺ, ട്രീസ ലിസ് സെബാസ്റ്റ്യൻ, ബെന്നി ആന്റണി, തോമസ് ആന്റണി,തമ്പി എരുമേലിക്കര, കെ പി സാജു എന്നിവർ പ്രസംഗിച്ചു.