2026
Kochi
മൈക്രോ മൈനോരിറ്റി പദവി അസന്തുലിതാവസ്ഥ ഇല്ലാതാക്കാൻ ആവശ്യം : കത്തോലിക്ക കോൺഗ്രസ്.
ന്യൂനപക്ഷ പദ്ധതികളുടെ വിനിമയത്തിലും വിതരണത്തിലും ക്രൈസ്തവ സമൂഹം നേരിടുന്ന അവഗണനയ്ക്കും അസന്തുലിതാവസ്ഥയ്ക്കും പരിഹാരമായി ക്രൈസ്തവർക്ക് ഇന്ത്യയിൽ മൈക്രോ മൈനോരിറ്റി പദവി നൽകണമെന്ന് കത്തോലിക്ക കോൺഗ്രസ്.ഇപ്പോൾ കേന്ദ്ര മന്ത്രികിരൺ റിജ്ജു മേജർ ആർച്ച് ബിഷപ് മാർ റാഫേൽ തട്ടിലിന് നൽകിയ വാഗ്ദാനം പ്രതീക്ഷാനിർഭരമാണ്.വാഗ്ദാനത്തിനപ്പുറം എത്രയും വേഗം ഇത് നടപ്പാക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് ഉപരാഷ്ട്രപതി സി.പി രാധാകൃഷ്ണനും കേന്ദ്ര സർക്കാരിനും കത്തോലിക്ക കോൺഗ്രസ് 2025 ഡിസംബറിൽ നേരിട്ട് നിവേദനം നൽകിയിരുന്നു.
ന്യൂനപക്ഷ പദവി സംസ്ക്കാരിക സംരക്ഷണത്തിനും ന്യൂനപക്ഷ സമൂഹത്തിൻ്റെ അനന്യത കാത്തു സൂക്ഷിക്കാനുമാണ് നൽകുക എന്നാൽ ജനസംഖ്യാപരമായ തകർച്ച നേരിടുന്ന സമൂഹത്തെ നിലനിർത്താനും സംരക്ഷിക്കാനും ഉള്ള പദ്ധതികൾ നിലവിൽ ക്രൈസ്തവ സമൂഹത്തിന് ലഭ്യമാകാത്ത അവസ്ഥയാണ് മാത്രമല്ല നിലവിലുള്ള പല പദ്ധതികളും ന്യൂനപക്ഷങ്ങളിലെ ഭൂരിപക്ഷത്തിൻ്റെ ആവശ്യത്തിന് വേണ്ടി ക്രമീകരിച്ചിരിക്കുന്ന സ്ഥിതിയാണ്.ഈ അവസ്ഥകൾക്ക് മാറ്റമുണ്ടാകാൻ ക്രൈസ്തവരെ മൈക്രോ മൈനോരിറ്റിയായി പ്രഖ്യാപിക്കണം എന്ന് കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമിതി ആവശ്യപ്പെട്ടു. ശാസ്ത്രീയമായി ഒരു സമൂഹത്തിൻ്റെ ജനസംഖ്യാപരമായ വളർച്ചയും പരിണാമവും പഠിക്കാൻ ന്യൂനപക്ഷ വകുപ്പിന് സാധിക്കണം. എങ്കിൽ മാത്രമേ യഥാർത്ഥ ന്യൂനപക്ഷങ്ങളെ കണ്ടെത്താനും പദ്ധതികൾ രൂപീകരിക്കാനും സാധിക്കു. അതനുസരിച്ച് ജന സംഖ്യാപരമായ തകർച്ച നേരിടുന്ന വിഭാഗമായ ക്രൈസ്തവർക്ക് മൈക്രോ മൈനോരിറ്റി പദവിക്ക് അർഹത ഉണ്ട് എന്നും കത്തോലിക്ക കോൺഗ്രസ് പറഞ്ഞു.ദേശീയ ന്യൂനപക്ഷ കമ്മീഷനിലെ ക്രൈസ്തവ പ്രതിനിധിയെ നിയമിക്കാത്തത് അനീതിയാണ് എന്നും, സാമ്പത്തിക ബുദ്ധിമുട്ടിൻ്റെ പേരിൽ ന്യൂനപക്ഷ സ്കോർഷിപ്പുകളുടെ എണ്ണം കുറച്ചത് ന്യൂനപക്ഷങ്ങളിലെ ന്യൂനപക്ഷമായ ക്രൈസ്തവർക്ക് അർഹമായ നീതി ഇല്ലാതാക്കലായിരുന്നു എന്നും കേന്ദ്ര സമിതി വിലയിരുത്തി.ക്രൈസ്തവ സമൂഹത്തിൻ്റെ വിശ്വാസ പ്രാർത്ഥന രീതികൾ പോലും ചോദ്യം ചെയ്യപ്പെടുന്ന ഈ കാലഘട്ടത്തിൽ ഭരണഘടന ഉറപ്പു നൽകുന്ന ന്യൂനപക്ഷ സാംസ്കാരിക - വിശ്വാസ തനിമ സംരക്ഷിക്കാൻ മൈക്രോ മൈനോരിറ്റി പദവി അനിവാര്യമാണ് എന്നും കത്തോലിക്ക കോൺഗ്രസ് കേന്ദ്ര സമതി പറഞ്ഞു.