Catholic Congress Updates

JUL

23

2025

KOCHI

ന്യൂനപക്ഷ കമ്മീഷൻ ഇല്ലാതാക്കാനുള്ള ശ്രമം പ്രതിഷേധാർഹം : കത്തോലിക്ക കോൺഗ്രസ്

കൊച്ചി : ദേശീയ ന്യൂനപക്ഷ കമ്മീഷനിൽ അംഗങ്ങളെ നിയമിക്കാതെ ന്യൂനപക്ഷ കമ്മീഷൻ ഇല്ലാതാക്കാനുള്ള ശ്രമം പ്രതിഷേധാർഹമെന്ന് കത്തോലിക്ക കോൺഗ്രസ്.

2020 മുതൽ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ള ന്യൂനപക്ഷ അംഗത്തെ നിയമിക്കാതെ ക്രൈസ്തവരെ അവഗണിച്ചിരുന്ന കേന്ദ്ര സർക്കാർ നിലവിൽ ന്യൂനക്ഷ കമ്മീഷനിൽ അംഗങ്ങളില്ലാത്ത അവസ്ഥയിൽ എത്തിച്ചിരിക്കുന്നു.ന്യൂനപക്ഷ അനുബന്ധമായ മറ്റ് കമ്മീഷനുകളിലും ഇതേ അവസ്ഥ തുടരുമ്പോൾ ന്യൂനപക്ഷ കമ്മീഷൻ ഇല്ലാതാക്കാനും ഭരണഘടനാപരമായ ന്യൂനപക്ഷ അവകാശം ഇല്ലാതാക്കാനും ഉള്ള മനപ്പൂർവ്വമായ ശ്രമമാണോ ഇതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.കേന്ദ്ര ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനിൽ നിലവിൽ ഒരംഗം മാത്രമാണ് ഉള്ളത് , ന്യൂനപക്ഷ വിദ്യാഭ്യാസ - സാംസ്കാരിക അവകാശം മൗലിക അവകാശം ആണ് എന്നിരിക്കെ അതിന് സഹായം നൽകുന്ന വിദ്യാഭ്യാസ കമ്മീഷനിൽ പോലും ഒഴിവുകൾ നടത്താത്തത് ഭരണഘടനാ ഉറപ്പു നൽകുന്ന അവകാശങ്ങളുടെ നിഷേധം ആണ് എന്നും ഇന്ത്യൻ ഭരണഘടന നൽകുന്ന ഭരണഘടന പരമായ ഉറപ്പ് നടപ്പിലാക്കാത്ത സർക്കാർ ഭരണഘടനാ ലംഘനമാണ് നടത്തുന്നത് എന്നും കത്തോലിക്ക കോൺഗ്രസ് പറഞ്ഞു.

കഴിഞ്ഞ 5 വർഷമായി ക്രിസ്ത്യൻ സമൂഹം നിയമനത്തിൽ നിന്ന് അവഗണിക്കപ്പെടുന്നതിന് എന്ത് ന്യായീകരണം ആണ് സർക്കാരിന് നൽകാനുള്ളതെന്നും ന്യൂനപക്ഷ സമൂഹത്തോടുള്ള ഭരണപരമായ അവഗണനയ്ക്ക് എതിരെ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും കത്തോലിക്ക കോൺഗ്രസ്‌ നേതൃത്വം പറഞ്ഞു. ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസപരമായ അവകാശങ്ങൾ സംരക്ഷിക്കാനായി രൂപീകരിക്കപ്പെട്ട ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മീഷനും പ്രവർത്തനം നിലച്ചിട്ട് നാളുകളായെങ്കിലും നടപടികൾ സർക്കാരിന്റെ ഭാഗത്ത്‌ നിന്ന് ഉണ്ടാകുന്നില്ല എന്നതും പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടു.

പ്രസിഡന്റ്‌ രാജീവ്‌ കൊച്ചുപറമ്പിൽ ആദ്യക്ഷത വഹിച്ച യോഗത്തിൽ ഡയറക്ടർ ഫാ ഫിലിപ്പ് കവിയിൽ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി ഡോ ജോസ്കുട്ടി ഒഴുകയിൽ, ഭാരവാഹികളായ അഡ്വ ടോണി പുഞ്ചക്കുന്നേൽ, ഡോ കെ എം ഫ്രാൻസിസ്, രാജേഷ് ജോൺ, ട്രീസ ലിസ് സെബാസ്റ്റ്യൻ, ബെന്നി ആന്റണി, തോമസ് ആന്റണി,തമ്പി എരുമേലിക്കര, കെ പി സാജു, അഡ്വ മനു വരാപ്പള്ളി എന്നിവർ പ്രസംഗിച്ചു

Share This On

EmailEmail

FacebookFacebook

TwitterTwitter

WhatsappWhatsapp

Linked InLinked In

TelegramTelegram